ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പി.വി സിന്ധു തോറ്റെങ്കിലും ഒരു ചരിത്രനേട്ടത്തോടെയാണ് ഇന്ത്യന്‍ താരം കോര്‍ട്ട് വിട്ടത്. മത്സരത്തില്‍ നിര്‍ണായകമായ രണ്ടാം ഗെയിമിലായിരുന്നു ആ ചരിത്രനിമിഷം.

ആദ്യ ഗെയിം 19-21ന് തോറ്റിരുന്ന സിന്ധുവിന് മത്സരത്തില്‍ നിലനില്‍ക്കണമെങ്കില്‍ രണ്ടാം ഗെയിമില്‍ വിജയിക്കേണ്ടത് അനിവാര്യതയായിരുന്നു. രണ്ടാം ഗെയിം മുറുകിയപ്പോള്‍ പോയിന്റ് നില 21-20ലെത്തി. മത്സരം എങ്ങോട്ടു വേണമെങ്കിലും മാറിമറിയാവുന്ന അവസ്ഥ.

തുടര്‍ന്നാണ് ചരിത്രത്തില്‍ ഇടം പിടിച്ച ആ റാലി പിറന്നത്. സിന്ധുവും ഒകുഹരയും വിട്ടുകൊടുക്കാന്‍ തയ്യാറാവാതിരുന്നതോടെ ഷോട്ടുകളുടെ എണ്ണം കൂടിക്കൊണ്ടേയിരുന്നു. കോര്‍ക്ക് തലങ്ങും വിലങ്ങും പാഞ്ഞു. അവസാനം 73-ാമത്തെ ഷോട്ടില്‍ സിന്ധുവിന് മുന്നില്‍ ഒകുഹര വീണു. 

സിന്ധു നെറ്റിനോട് അടുപ്പിച്ച് അടിച്ച ഷോട്ട് ഒകുഹര എടുത്തെങ്കിലും അത് നെറ്റില്‍ തട്ടി ജപ്പാനീസ് താരത്തിന്റെ കോര്‍ട്ടില്‍ തന്നെ വീണു. വിലപ്പെട്ട ഒരു പോയിന്റ് സിന്ധുവിന് ലഭിക്കുകയും ചെയ്തു. അതിനുശേഷം ഇരുവരും ആകെ തളര്‍ന്നുപോയി. ഒകുഹര കോര്‍ട്ടില്‍ കിടന്നപ്പോള്‍ സിന്ധു കുനിഞ്ഞു നിന്ന് മുഖം പൊത്തിപ്പിടിച്ചു.

ടൂര്‍ണമെന്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ മത്സരമായിരുന്നു വനിതാ സിംഗിള്‍സ് ഫൈനല്‍. ഒരു മണിക്കൂറും 49 മിനിറ്റും നീണ്ടു നിന്ന മത്സരത്തില്‍ സിന്ധുവും ഒകുഹരയും മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നു. 

2013 ലോകചാമ്പ്യന്‍ഷിപ്പ് പുരുഷ സിംഗിള്‍സില്‍ പിറന്നതാണ് ഏറ്റവും കൂടുതല്‍ ഷോട്ടുകളുള്ള റാലി. അന്ന് വിയറ്റ്‌നാമിന്റെ ടിയെന്‍ മിന്‍ഹും ഡെന്‍മാര്‍ക്കിന്റെ യോര്‍ഗേഴ്‌സണും തമ്മില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ 108 ഷോട്ടുകള്‍ക്കൊടുവിലാണ് ഒരു പോയിന്റില്‍ തീരുമാനമായത്. ആ റാലി രണ്ട് മിനിറ്റ് നീണ്ടു നിന്നു.