ബാങ്കോക്ക്: ഇന്ത്യയുടെ പിവി സിന്ധു തായ്‌ലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പ്രവേശിച്ചു. വനിത സിംഗിള്‍സ് സെമിയില്‍ ഇന്‍ഡൊനീഷ്യയുടെ ഗ്രിഗോറിയ മരിസ്‌കയെ ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധു ഫൈനല്‍ ഉറപ്പാക്കിയത്. തായ്‌ലാന്‍ഡ് ഓപ്പണില്‍ ഇതാദ്യമായാണ് സിന്ധു ഫൈനലിലെത്തുന്നത്. സ്‌കോര്‍; 23-21, 16-21, 21-9.

ഒരു മണിക്കൂറോളം നീണ്ടു നിന്ന പോരാട്ടത്തില്‍ ആദ്യ ഗെയിം 23-21 ന് സിന്ധു സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റില്‍ ഗ്രിഗോറിയ ശക്തമായി തിരിച്ചടിച്ച് 16-21 എന്ന സ്‌കോറില്‍ പിടിച്ചെടുത്തു. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ എതിരാളിക്ക് യാതൊരു അവസരവും നല്‍കാതെ 21-9 എന്ന നിലയില്‍ സ്വന്തമാക്കിയാണ് സിന്ധു ഫൈനലിലേക്ക് നടന്നുകയറിയത്. 

നാളെ നടക്കുന്ന ഫൈനലില്‍ ജപ്പാന്റെ നൊസോക്കി ഒക്കുഹാരയാണ് സിന്ധുവിന്റെ എതിരാളി. നേരത്തെ പത്തു തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അഞ്ചു തവണ വിജയം സിന്ധുവിനും അഞ്ചു തവണ ഒക്കുഹാരയ്ക്കുമായിരുന്നു. അവസാനം ഇരുവരും ഏറ്റുമുട്ടിയ റിയോ ഒളിംപിക്‌സ് സെമിയിലും ആള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലിലും വിജയം സിന്ധുവിനായിരുന്നു. 

Content Highlights; PV Sindhu makes final of Thailand Open