ഹൈദരാബാദ്: ഒളിമ്പിക്സ് ഫൈനലിലേറ്റ തോല്‍വിക്ക് സ്വന്തംനാട്ടില്‍ പകരംവീട്ടാന്‍ പി.വി. സിന്ധുവിന് കഴിഞ്ഞില്ല. പ്രീമിയര്‍ ബാഡ്മിന്റണ്‍ ലീഗില്‍ തമിഴ്നാട് സ്മാഷേഴ്സിനുവേണ്ടി ഇറങ്ങിയ പി.വി. സിന്ധു ഹൈദരാബാദ് ഹണ്ടേഴ്സിനുവേണ്ടി കളിച്ച സ്പാനിഷ് താരം കരോളിന മാരിനോട് തോറ്റു.
ബാഡ്മിന്റണ്‍ ലീഗിന്റെ ഉദ്ഘാടനം സിന്ധു-മാരിന്‍ പോരാട്ടത്തോടെയായിരുന്നു. ആദ്യ ഗെയിം (11-8) മാരിന്‍ സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ തിരിച്ചടിച്ച സിന്ധു (14-12) ജയം പിടിച്ചെടുത്തെങ്കിലും മൂന്നാം ഗെയിം ഏകപക്ഷീയമായി സ്വന്തമാക്കിയ (11-2) മാരിന്‍ മത്സരം ജയിച്ചു.
രണ്ടാം മത്സരത്തില്‍ പുരുഷ സിംഗിള്‍സില്‍ ഹൈദരാബാദിന്റെ സായ് പ്രണീതിനെ തമിഴ്നാട് താരം ടോമി സുഗിയാര്‍ത്തോ നിഷ്പ്രയാസം മറികടന്നു (11-6, 11-8). തുടര്‍ന്ന് മിക്സഡ് ഡബിള്‍സില്‍ ചെന്നൈയുടെ ക്രിസ് അഡ്കോക്ക്-ഗബ്രിയേല്‍ അഡ്കോക്ക് സഖ്യം ഹൈദരാബാദിന്റെ സാത്വിക് സായ് രാജ്-ചൗ ഹോയ് സഖ്യത്തെ കീഴടക്കി (11-7, 11-9).
തുടര്‍ന്ന് നടന്ന പുരുഷ സിംഗിള്‍സില്‍ ചെന്നൈയുടെ തനോങ്സാക്കിനെ ഹൈദരാബാദിന്റെ രാജീവ് ഔസേപ്പ് തോല്പിച്ചു (6-11, 11-8, 11-8). പുരുഷ ഡബിള്‍സില്‍ ചെന്നൈയുടെ സുമീത് റെഡ്ഡി-പീലര്‍ കോള്‍ഡിങ് സഖ്യത്തെ ഹൈദരാബാദിന്റെ ടാന്‍ ബൂണ്‍- ടാന്‍ വീ സഖ്യം തോല്പിച്ചതോടെ ഒന്നാംദിവസത്തെ മത്സരം ഹൈദരാബാദ് സ്വന്തമാക്കി (4-2).