ജക്കാര്‍ത്ത:ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ പി.വി സിന്ധുവിന് തിരിച്ചടി. ജപ്പാന്റെ അകേന യമഗൂച്ചി നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-15, 21-16.

ഒരു ഘട്ടത്തില്‍ പോലും നാലാം സീഡുകാരിയായ യമാഗൂച്ചിയെ പരീക്ഷിക്കാന്‍ സിന്ധുവിന് കഴിഞ്ഞില്ല. സെമിഫൈനല്‍ വരെ മികച്ച ഫോമിലായിരുന്ന അഞ്ചാം സീഡായ സിന്ധു ഫൈനലില്‍ നിറംമങ്ങുകയായിരുന്നു. 51 മിനിറ്റിനുള്ളില്‍ മത്സരം അവസാനിച്ചു.

15 മത്സരങ്ങള്‍ക്കിടയില്‍ യമഗൂച്ചിയോട് അഞ്ചാം തവണയാണ് സിന്ധു തോല്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലായിരുന്നു ഇതിന് മുമ്പ് ജപ്പാനീസ് താരത്തോട് സിന്ധു തോറ്റത്. ആ സീസണില്‍ യമഗൂച്ചിയുടെ മൂന്നാം കിരീടമാണിത്. നേരത്തെ ജര്‍മന്‍ ഓപ്പണിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും യമഗൂച്ചി കിരീടം നേടിയിരുന്നു.

Content Highlights: PV Sindhu loses to Akane Yamaguchi Indonesia Open Badminton