ബാലി: ഇന്ത്യന്‍ താരങ്ങളായ പി.വി.സിന്ധുവും ലക്ഷ്യ സെന്നും ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്‌സ് 750 ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. 

രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ സിന്ധു ആദ്യ റൗണ്ടില്‍ തായ്‌ലന്‍ഡിന്റെ സുപനിഡ കാറ്റെത്തോങ്ങിനെ കീഴടക്കി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധുവിന്റെ വിജയം. സ്‌കോര്‍: 21-15, 21-19. മത്സരം 43 മിനിട്ട് നീണ്ടുനിന്നു. രണ്ടാം റൗണ്ടില്‍ സ്‌പെയിനിന്റെ ക്ലാര അസുര്‍മെന്‍ഡിയാണ് സിന്ധുവിന്റെ എതിരാളി.

പുരുഷ വിഭാഗത്തില്‍ യുവതാരം ലക്ഷ്യ സെന്‍ ലോക പത്താം നമ്പര്‍ താരമായ ജപ്പാന്റെ കാന്റ സുനേയാമയെ അട്ടിമറിച്ചു. ആദ്യറൗണ്ടില്‍ മൂന്നുസെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് സെന്‍ ജപ്പാന്‍ താരത്തെ അട്ടിമറിച്ചത്. സ്‌കോര്‍: 21-17, 18-21, 21-17. 

രണ്ടാം റൗണ്ടില്‍ അതിശക്തനായ എതിരാളിയെയാണ് ലക്ഷ്യ സെന്‍ നേരിടുക. ലോക ഒന്നാം നമ്പര്‍ താരവും രണ്ട് തവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ കെന്റോ മൊമോട്ടയാണ് സെന്നിന്റെ എതിരാളി. 

Content Highlights: PV Sindhu, Lakshya Sen enter second round of Indonesia Masters