വെള്ളിവെളിച്ചത്തെക്കാള്‍ സിന്ധുവിന്റെ പ്രണയം വെള്ളി മെഡലിനോടാണെന്ന് പറയേണ്ടി വരും. കാരണം കരിയറില്‍ വെള്ളിമെഡലുകള്‍ പെരുകയാണ്. ബാഡ്മിന്റണില്‍ ഒളിമ്പിക് മെഡല്‍ ജേതാവായ ഇന്ത്യന്‍താരം തകര്‍പ്പന്‍ പോരാട്ടത്തോടെ ഫൈനലിലെത്തുന്നതും പിന്നീട് തളര്‍ന്നു പോകുന്നതും പതിവു കാഴ്ചയാകുന്നു. ഇന്‍ഡൊനീഷ്യയിലും ആ പതിവ് ആവര്‍ത്തിക്കപ്പെട്ടു.

കരിയറില്‍ 15 തവണയാണ് പ്രമുഖ ടൂര്‍ണമെന്റുകളുടെ ഫൈനലില്‍ സിന്ധു കീഴടങ്ങിയത്. ഇതില്‍ ഒളിമ്പിക്‌സും ലോക ചാമ്പ്യന്‍ഷിപ്പും ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസും വേള്‍ഡ് ടൂര്‍, സൂപ്പര്‍സീരീസ് ടൂര്‍ണമെന്റുകളുമുണ്ട്. 10 തവണയാണ് സിന്ധു കിരീടം നേടിയതെന്നോര്‍ക്കണം.

കഴിഞ്ഞ വര്‍ഷാവസാനം ഗ്വാങ്ഷുവില്‍ നടന്ന ലോക ടൂര്‍സ് ഫൈനലില്‍ ജപ്പാന്റെ നവോമി ഒക്കുഹാരെയ തോല്‍പ്പിച്ച് കിരീടം നേടിയ ശേഷം സിന്ധു പറഞ്ഞു: ''ഞാനാണ് കിരീടം നേടിയത്, ഫൈനല്‍ ജയിക്കില്ലെന്ന് ഇനിയാരും പറയരുത്.'' 2018-ലെ അഞ്ച് ഫൈനല്‍ തോല്‍വികള്‍ക്കുശേഷം ലഭിച്ച കിരീടത്തിന്റെ ആശ്വാസവും ആത്മവിശ്വാസവുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. എന്നാല്‍, 2019-ന്റെ തുടക്കത്തില്‍ കിരീടപോരാട്ടത്തിലേക്കെത്താന്‍ താരം ബുദ്ധിമുട്ടി. ഇന്ത്യന്‍, സിംഗപ്പൂര്‍ ഓപ്പണുകളില്‍ സെമിയിലെത്തിയതാണ് വലിയ നേട്ടങ്ങള്‍. ഒടുവില്‍ ഇന്‍ഡൊനീഷ്യന്‍ ഓപ്പണില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ ഫൈനലിലെത്തിയെങ്കിലും കലാശക്കളിയില്‍ ജപ്പാന്‍ താരത്തോട് ഏകപക്ഷീയമായ തോല്‍വി.

ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കരുത്തിന്റെയും പോരാട്ടവീര്യത്തിന്റെയും പ്രതീകമാണ് സിന്ധു. എന്നാല്‍, ഫൈനലിന്റെ സമ്മര്‍ദത്തില്‍ വീണുപോകുന്നു. ഒളിമ്പിക്‌സിലും ലോകചാമ്പ്യന്‍ഷിപ്പുകളിലും ഏഷ്യന്‍ ഗെയിംസിലുമൊക്കെ അത് കണ്ടു. ഫൈനലിന് മുമ്പുള്ള മത്സരങ്ങളില്‍ ഏത് എതിരാളിയാണെങ്കിലും സിന്ധു അനായാസം തോല്‍പ്പിക്കുന്നതും പതിവുകാഴ്ച. ജക്കാര്‍ത്തയിലും അതുകണ്ടു. ക്വാര്‍ട്ടറില്‍ മൂന്നാം സീഡ് ജപ്പാന്റെ നോസോമി ഒക്കുഹാരയും സെമിയില്‍ രണ്ടാം സീഡ് ചൈനയുടെ ചെന്‍ യുഫെയിയും സിന്ധുവിനുമുന്നില്‍ പൊരുതാനാകാതെ വീണു. കിട്ടിയ പത്ത് കിരീടത്തെക്കാള്‍ കിട്ടാതെ പോയ പതിനഞ്ച് കിരീടങ്ങളുടെ തട്ടാണ് ഇപ്പോള്‍ താഴ്ന്നിരിക്കുന്നത്.

ഫൈനലിലെ തോല്‍വികള്‍

ഒളിമ്പിക്‌സ്-2016

ലോകചാമ്പ്യന്‍ഷിപ്പ്-2017, 2018

ഏഷ്യന്‍ ഗെയിംസ്- 2018

കോമണ്‍വെല്‍ത്ത് ഗെയിംസ്-2018

ഇന്‍ഡൊനീഷ്യ ഓപ്പണ്‍-2019

തായ്ലന്‍ഡ് ഓപ്പണ്‍-2018

ഇന്ത്യ ഓപ്പണ്‍-2018

സൂപ്പര്‍ സീരീസ് ഫൈനല്‍-2017

ഹോങ്കോങ് ഓപ്പണ്‍-2017, 2016

ഡെന്മാര്‍ക്ക് ഓപ്പണ്‍-2015

സയ്യദ് മോദി ഇന്റര്‍നാഷണല്‍-2014, 2012

ഡച്ച് ഓപ്പണ്‍ 2011

Content Highlights: PV Sindhu Indonesia Open Final Loss to Yamaguchi