പി.വി.സിന്ധു ഓരോ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെയും ഫൈനലില്‍ കയറുമ്പോള്‍ രാജ്യം ഉറ്റുനോക്കുന്ന ഒന്നുണ്ട്; ഇക്കുറി ജയിക്കും, പൊന്നണിയും. പക്ഷേ ഓരോ തവണയും പ്രതീക്ഷകള്‍ അസ്ഥാനത്താവുകയായിരുന്നു ഫലം. ഇക്കുറി എല്ലാ മുന്‍കാല നിരാശകളെയും കുടഞ്ഞെറിഞ്ഞ് ചൈനയിലെ ഗ്വാങ്ഷുവിലെ ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സില്‍ സിന്ധു പ്രതീക്ഷകളുടെ പൊന്‍തിളക്കം കാത്തു. ചാമ്പ്യന്മാരുടെ ചാമ്പ്യന്‍ എന്ന പദവിയിലേക്കു കൂടി ഈ കിരീട നേട്ടത്തോടെ സിന്ധു ഉയര്‍ന്നിരിക്കുന്നു. 

ടൂര്‍ണമെന്റിലുടനീളം ഉജ്ജ്വല ഫോമിലായിരുന്നു സിന്ധു. ലോക ഒന്നാംനമ്പര്‍ തായ് സു യിങ്ങിനെയടക്കം കെട്ടുകെട്ടിച്ചായിരുന്നു ഫൈനലിലേക്കുള്ള പറന്നിറക്കം. മുന്‍പ് പലതവണ ഏറ്റുമുട്ടിയപ്പോഴും പറ്റിയ പിഴവുകള്‍ക്ക് പ്രായശ്ചിത്തം ചെയ്തുകൊണ്ടായിരുന്നു ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരക്കെതിരായ ജയം. കലാശപ്പോരില്‍ ഒരിക്കല്‍പ്പോലും ഒരു പോയന്റിനു പോലും ലീഡ് ചെയ്യാന്‍ അനുവദിക്കാതെയാണ് ഒകുഹാരയെ സിന്ധു നിഷ്പ്രഭയാക്കിയത്.

കായിക ക്ഷമത

ടൂര്‍ണമെന്റില്‍ ഒട്ടേറെ പോയന്റുകള്‍ സിന്ധു നേടിയത് നീണ്ട റാലികള്‍ക്കൊടുവിലായിരുന്നു. ദീര്‍ഘനേരം ഒരേ കായിക ക്ഷമതയോടെ കളിക്കാനായത് എതിരാളികള്‍ക്കുമേല്‍ സിന്ധുവിന് വ്യക്തമായ ആധിപത്യം നല്‍കി. ഇതിനൊപ്പം തികഞ്ഞ മനസ്സാന്നിധ്യവും ഏകാഗ്രതയും കൂടിയായപ്പോള്‍ വിജയവഴി തെളിഞ്ഞുനിന്നു. 

ഷോട്ടുകളിലെ കൃത്യത

ബേസ് ലൈന്‍, ഡ്രോപ്, ക്രോസ് കോര്‍ട്ട് ഷോട്ടുകളിലെ അളന്നുമുറിച്ച കൃത്യത സിന്ധുവിന്റെ വിജയത്തിന്റെ സുപ്രധാന ഘടകമായിരുന്നു. എതിരാളികളുടെ ഡ്രോപ്ഷോട്ടുകള്‍ എടുക്കുന്നതില്‍ മുമ്പുണ്ടായിരുന്ന ചില ദൗര്‍ബല്യങ്ങള്‍ ഇക്കുറി മറികടക്കാനായതും നിര്‍ണായകമായി. ഇക്കാര്യത്തില്‍ പരിശീലകന്‍ ഗോപീചന്ദിന്റെ ഉപദേശങ്ങള്‍ സിന്ധുവിനെ സഹായിച്ചിട്ടുണ്ടാകുമെന്നുറപ്പ്. എതിരാളികളുടെ ദൗര്‍ബല്യങ്ങള്‍ മുന്‍കൂട്ടി കണ്ടറിഞ്ഞ് ആ ഭാഗങ്ങളിലേക്കു തന്നെ ഷോട്ടുകള്‍ തൊടുക്കാനായതും നേട്ടമായി. ആക്രമണത്തില്‍നിന്ന് എതിരാളിയെ പ്രതിരോധത്തിലേക്കു തള്ളിയിടുന്ന രീതിയാണ് ടൂര്‍ണമെന്റിലുടനീളം സിന്ധു അവലംബിച്ചത്. എതിരാളികളുടെ പല പുറത്തേക്കുള്ള പല ഷോട്ടുകളും കൃത്യമായി ഒഴിവാക്കി വിടുന്നതിലും സിന്ധു മികവ് പുലര്‍ത്തി. ചിട്ടയായ മുന്നൊരുക്കങ്ങളും ആസൂത്രണങ്ങളുമോടെ എത്തിയ പുതിയൊരു  സിന്ധുവിനെയാണ് ടൂര്‍ണമെന്റില്‍ കണ്ടത്. നിലവില്‍ മൂന്നാമതുള്ള സിന്ധുവിന് ലോക റാങ്കിങ്ങിലും ഇത് കുതിപ്പേകും.

Content Highlights: PV Sindhu defeats Nozomi Okuhara to clinch maiden BWF World Tour Finals title