ബാലി: ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഫൈനലില്‍. സെമി ഫൈനലില്‍ ജപ്പാന്റെ അകെയ്ന്‍ യമഗൂച്ചിയെ മൂന്നു ഗെയിം നീണ്ട പോരാട്ടത്തില്‍ സിന്ധു കീഴടക്കി.

മത്സരം ഒരു മണിക്കൂറും 10 മിനിറ്റും നീണ്ടുനിന്നു. മൂന്നാം റാങ്കിലുള്ള ജപ്പാനീസ് താരത്തിനെതിരേ ഏഴാം റാങ്കിലുള്ള സിന്ധു മികച്ച തുടക്കം കുറിച്ചു. ആദ്യ ഗെയിം 21-15ന് സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ യമഗൂച്ചി തിരിച്ചടിച്ചു. അതേ സ്‌കോറിന് ഒപ്പം പിടിച്ചു. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു. ഒടുവില്‍ 21-19ന് ഇന്ത്യന്‍ താരം ഗെയിമും മത്സരവും സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറി. 

ഞായറാഴ്ച്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ദക്ഷിണ കൊറിയയുടെ ആന്‍ സേ-യങ്ങാണ് സിന്ധുവിന്റെ എതിരാളി. ലോക റാങ്കിങ്ങില്‍ ആറാമതുള്ള ദക്ഷിണ കൊറിയന്‍ താരം തായ്‌ലന്‍ഡ് താരം പൊപാവീ ചോചുവോങ്ങിനെ തോല്‍പ്പിച്ചാണ് ഫൈനലിലെത്തിയത്.

Content Highlights: PV Sindhu beats Yamaguchi in BWF World Tour Finals Badminton