ബാസല്‍ (സ്വിറ്റ്‌സര്‍ലന്‍ഡ്): പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സെമി ഫെനലില്‍. ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരവും രണ്ടാം സീഡുമായ ചൈനീസ് തായ്‌പെയുടെ ടായ് സു യിങ്ങിനെ അട്ടിമറിച്ചായിരുന്നു അഞ്ചാം സീഡായ സിന്ധുവിന്റെ മുന്നേറ്റം. ഇതോടെ സിന്ധു ഒരു മെഡലുറപ്പിച്ചു. 

ഒരു മണിക്കൂറും 11 മിനിറ്റും നീണ്ടു നിന്ന വാശിയേറിയ പോരാട്ടത്തിനാണ് കാണികള്‍ സാക്ഷിയായത്. ആദ്യ ഗെയിം 12-21ന് നഷ്ടപ്പെടുത്തിയ ഇന്ത്യന്‍ താരം പിന്നീട് സ്വപ്‌നതുല്ല്യമായ തിരിച്ചുവരവ് നടത്തി. രണ്ടാം ഗെയിം 23-21ന് നേടി സിന്ധു പ്രതീക്ഷ നിലനിര്‍ത്തുകയായിരുന്നു. നിര്‍ണായകമായ മൂന്നാം ഗെയില്‍ സിന്ധു 21-19ന് വിജയിച്ച് ഫൈനലുറപ്പിച്ചു. 

ടായ് സു യിങ്ങിനെതിരേ സിന്ധുവിന്റെ നാലാം വിജയമാണിത്. അതേസമയം സിന്ധുവിനെ 10 മത്സരങ്ങളില്‍ ചൈനീസ് തായ്‌പെയ് താരം തോല്‍പ്പിച്ചിട്ടുണ്ട്. 2016 റിയോ ഒളിമ്പിക്‌സില്‍ ടായ് സു യിങ്ങിനെ തോല്‍പ്പിച്ചാണ് സിന്ധു ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. അന്ന് ഒളിമ്പിക്‌സില്‍ ഇന്ത്യന്‍ താരം വെള്ളിയും നേടി. എട്ടു മാസങ്ങള്‍ക്ക് ശേഷമാണ് സിന്ധുവും ടായ് സു യിങ്ങും കോര്‍ട്ടില്‍ മുഖാമുഖം വരുന്നത്.

 

Content Highlights: PV Sindhu beats World No 2 Tai Tzu Ying to enter semis World Championships 2019