ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ഇന്ത്യയുടെ പി.വി സിന്ധു. ഞായറാഴ്ച നടന്ന ഫൈനലില്‍ മൂന്നാം സീഡ് ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-7, 21-7) മറികടന്നാണ് സിന്ധു ചരിത്രം കുറിച്ചത്. 38 മിനിറ്റിനുള്ളില്‍ അവസാനിച്ച മത്സരത്തില്‍ ഒക്കുഹാരയെ നിഷ്പ്രഭമാക്കിയ പ്രകടനമാണ് സിന്ധു പുറത്തെടുത്തത്. 

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരി എന്ന നേട്ടവും ഇതോടെ സിന്ധു സ്വന്തമാക്കി. സിന്ധുവിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനലായിരുന്നു ഇന്നത്തേത്. കഴിഞ്ഞ രണ്ടുവര്‍ഷവും ഫൈനലില്‍ തോറ്റിരുന്നു. 2017-ല്‍ നൊസോമി ഒക്കുഹാരയോടും 2018-ല്‍ സ്‌പെയിനിന്റെ കരോളിന മരിനോടുമായിരുന്നു തോല്‍വി. 

2013, 14 വര്‍ഷങ്ങളില്‍ വെങ്കലം നേടിയിരുന്നു. ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു മെഡല്‍ നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.

ആദ്യ ഗെയിമിന്റെ തുടക്കംമുതല്‍ തന്നെ ഒക്കുഹാരയെ സമ്മര്‍ദത്തിലാക്കുന്നതായിരുന്നു സിന്ധുവിന്റെ പ്രകടനം. സിന്ധുവിന്റെ കടന്നാക്രമണത്തില്‍ പകച്ചുപോയ ഒക്കുഹാര തെറ്റുകള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഈ വര്‍ഷം നടന്ന ഇന്‍ഡൊനീഷ്യന്‍ ഓപ്പണിലും സിന്ധു, ഒക്കുഹാരയെ പരാജയപ്പെടുത്തിയിരുന്നു.

പ്രധാന ടൂര്‍ണമെന്റുകളുടെ ഫൈനലിലെത്തുമെങ്കിലും കലാശപ്പോരാട്ടത്തില്‍ കാലിടറുന്നുവെന്ന വിമര്‍ശനങ്ങളെ മറികടക്കാനും ഇത്തവണ സിന്ധുവിനായി. ഇക്കഴിഞ്ഞ ഇന്‍ഡൊനീഷ്യന്‍ ഓപ്പണിന്റെ ഫൈനലിലും തോല്‍വിയായിരുന്നു സിന്ധുവിനെ കാത്തിരുന്നത്. അന്ന് ജപ്പാന്റെ തന്നെ അകാന യമഗൂച്ചിയാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. 

ശനിയാഴ്ച നടന്ന സെമിഫൈനലില്‍, ചൈനയുടെ ചെന്‍ യുഫേയിയെ നേരിട്ടുള്ള ഗെയിമില്‍ കീഴടക്കിയാണ് പി.വി. സിന്ധു ഫൈനലിലെത്തിയത് (21-7, 21-14).

2017 സെപ്റ്റംബറില്‍ നടന്ന കൊറിയ ഓപ്പണില്‍ ഒക്കുഹാരയെ തന്നെ പരാജയപ്പെടുത്തി ജേതാവായ ശേഷം പ്രധാന കിരീടങ്ങളിലൊന്നും തന്നെ പേരുചേര്‍ക്കാന്‍ സിന്ധുവിന് സാധിച്ചിരുന്നില്ല. ലോകചാമ്പ്യന്‍ഷിപ്പ് (2018), ഏഷ്യന്‍ ഗെയിംസ് (2018), കോമണ്‍വെല്‍ത്ത് ഗെയിംസ്-2018, ഇന്‍ഡൊനീഷ്യ ഓപ്പണ്‍-2019, തായ്‌ലന്‍ഡ് ഓപ്പണ്‍-2018, ഇന്ത്യ ഓപ്പണ്‍-2018 തുടങ്ങിയ ചാമ്പ്യന്‍ഷിപ്പുകളിലെല്ലാം ഫൈനല്‍ തോല്‍വി സിന്ധുവിനെ വേട്ടയാടി. ഒടുവിലിതാ ഒരു ആധികാരിക ഫൈനല്‍ ജയത്തോടെ ആ നിരാശകളെല്ലാം സിന്ധു മായ്ച്ചുകളയുകയാണ്.

Content Highlights: pv sindhu beat nozomi okuhara wins bwf world championship