കൊച്ചി: കോച്ച് ഗോപീചന്ദുമായി അകല്‍ച്ചയിലാണെന്ന് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു. അടുത്തവര്‍ഷം ജപ്പാനില്‍ നടക്കുന്ന ഒളിമ്പിക്‌സിന് വേണ്ടിയുള്ള കഠിന പരിശീലനത്തിനിടെ ശനിയാഴ്ച കൊച്ചിയിലെത്തിയ സിന്ധു 'മാതൃഭൂമി'യോട് സംസാരിക്കുന്നു. ചൈനീസ് കമ്പനിയായ ലീനിങ്ങിന്റെ ബ്രാന്‍ഡ് അംബാസഡറായ സിന്ധു പ്രൊമോഷന്‍ പരിപാടികളുമായാണ് കൊച്ചിയിലെത്തിയത്.

'ചെറുപ്പത്തില്‍ത്തന്നെ മികച്ച നേട്ടങ്ങള്‍ കൈവരിച്ച എന്നെത്തേടി വലിയ നേട്ടങ്ങള്‍ എത്തുമെന്ന് കോച്ച് പുല്ലേല ഗോപീചന്ദ് പലരോടും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ജീവിതത്തിലെ ഏറ്റവും മികച്ച നേട്ടമുണ്ടായപ്പോഴൊന്നും കോച്ചിന്റെ സഹായമില്ലായിരുന്നു. പരിശീലനത്തെക്കാള്‍ ബിസിനസ് സംബന്ധമായ താത്പപര്യങ്ങളാണ് ഇപ്പോള്‍ ഗോപീചന്ദിനുള്ളത്. ഇത് വളരെ വേദനയുണ്ടാക്കുന്നതാണ്. ടൂര്‍സ് ടൂര്‍ണമെന്റില്‍ കാര്യമായ സഹകരണമില്ലായിരുന്നു. ഒറ്റയ്ക്കുതന്നെ നേടിയ വിജയമാണത്. കൊറിയയില്‍നിന്ന് വന്ന പുതിയ രണ്ടുപേരാണ് പരിശീലനത്തിന് നേതൃത്വം നല്‍കുന്നത്. വര്‍ഷങ്ങളായുള്ള പരിചയംകൊണ്ട് ഐന്റ പിഴവുകള്‍ കോച്ചിന് പെട്ടെന്ന് മനസ്സിലാവും. വേഗം അത് തിരുത്തിയും തരും. ചെറിയ ടിപ്‌സുകള്‍ പോലും വലിയ ഗുണം ചെയ്തിട്ടുണ്ട്... പക്ഷേ, ഇനി ഒത്തുപോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല'.

മറികടന്നത് ഫൈനല്‍ ഫോബിയ

തിരച്ചടികളില്‍ തളരാതെ കാത്തിരിക്കാന്‍ കാണിച്ച ക്ഷമയാണ് മാധ്യമങ്ങളും കായികലോകവും എന്നെക്കുറിച്ച് പലകുറി പറഞ്ഞ 'ഫൈനല്‍ ഫോബിയ' മറികടക്കാന്‍ സഹായിച്ചത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ആദ്യ വനിതാ സിംഗിള്‍സ് വെങ്കലം, മലേഷ്യ ഗ്രാന്‍ഡ് പ്രീ ഗോള്‍ഡ്, ഒളിമ്പിക്‌സിസില്‍ ആദ്യ വെള്ളി... നേട്ടങ്ങള്‍ പലതുണ്ടെങ്കിലും എല്ലാവര്‍ക്കും ഞാന്‍ കൈവിട്ട കീരിടങ്ങളെക്കുറിച്ചായിരുന്ന ചോദിക്കാനുണ്ടായിരുന്നത്. അതിനുള്ള മറുപടിയാണ് ടൂര്‍ ഫൈനല്‍സ്. ലണ്ടന്‍ ഒളിമ്പിക്‌സിലെ വെള്ളിനേട്ടം സ്വര്‍ണമാക്കി മാറ്റണം. ഷോട്ടുകളില്‍ മാത്രമല്ല, കളിയുടെ എല്ലാ ഘട്ടത്തിലും ഫിറ്റ്‌നസിലും മുന്നിലെത്തണം'

സൈനയും ഞാനും തമ്മില്‍

കളിക്കളത്തില്‍ മാത്രം മത്സരബുദ്ധിയുള്ളവരാണ് ഞങ്ങള്‍. രണ്ടുപേരുടെയും കോച്ച് ഒരാളായതിനാല്‍ മത്സരങ്ങളില്‍ മികച്ച മുന്നേറ്റം നടത്താന്‍ രണ്ടുപേരും ശ്രമിക്കാറുണ്ടെന്നത് ശരിയാണ്. പക്ഷേ, ആഴത്തിലുള്ള സൗഹൃദമൊന്നുമില്ല. കാണുമ്പോള്‍ സംസാരിക്കും, പിരിയും. വളരെ തുറന്ന രീതിയില്‍ ഇടപെടുന്ന ആളായതിനാല്‍ കോര്‍ട്ടിന് പുറത്ത് കളിക്കാന്‍ അറിയില്ല. കളിക്കളത്തിലെ മികച്ച കൂട്ടുകെട്ടാണ് സൈന. എന്നാല്‍, കോര്‍ട്ടിന് പുറത്ത് എടുത്തുപറയത്തക്ക സൗഹൃദം സൈനയുമായില്ല.

'തേജസ്സി'ലെ സ്വപ്നപ്പറക്കല്‍

സ്വപ്നസമാനമായ ഒന്നായിരുന്നു 'തേജസ്' പോര്‍വിമാനം പറത്താന്‍ കഴിഞ്ഞത്. 40 മിനിറ്റോളം പറന്നു. ബെംഗളൂരുവില്‍ നടന്ന 'എയ്റോ ഇന്ത്യ' വ്യോമ പ്രദര്‍ശനത്തിനിടെയാണ് പോര്‍വിമാനം പറത്താന്‍ അവസരം കിട്ടിയത്. ബെംഗളൂരുവിലെ യെലഹങ്ക വിമാനത്താവളത്തില്‍ നിന്നായിരുന്നു പറന്നത്. എല്ലാ വനിതകള്‍ക്കും വേണ്ടിയാണ് അന്ന് ആ സാഹസികതയ്ക്ക് തയ്യാറായത്. തദ്ദേശീയമായി നിര്‍മിച്ച പോര്‍വിമാനം പറത്തുന്ന ആദ്യ വനിതയും ഏറ്റവും പ്രായകുറഞ്ഞ വ്യക്തിയുമാണ് ഞാന്‍.'

Content Highlights: PV Sindhu Badminton Player Interview