കല്ലംഗ്: സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരങ്ങള്‍ മുന്നോട്ട്. അനായാസ വിജയത്തോടെ പി.വി സിന്ധുവും സൈന നേവാളും വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ടിലെത്തി. 

നാലാം സീഡായ സിന്ധു 27 മിനിറ്റിനുള്ളില്‍ വിജയം കണ്ടു. ഇന്‍ഡൊനേഷ്യയുടെ ലാനി അലെസാന്ദ്ര മൈനാകിയെയാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍: 21-9,21-7. ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍റ്റാണ് അടുത്ത റൗണ്ടില്‍ സിന്ധുവിന്റെ എതിരാളി.

ഇന്‍ഡൊനേഷ്യയുടെ തന്നെ യൂലിയ സുസാന്റോയെ പരാജയപ്പെടുത്തിയാണ് സൈനയുടെ മുന്നേറ്റം. ആറാം സീഡായ ഇന്ത്യന്‍ താരം അനായാസം വിജയം കണ്ടു. സ്‌കോര്‍: 21-16,21-11.

അതേസമയം പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ ടീം ആദ്യ റൗണ്ടില്‍ പുറത്തായി. മനു ആത്രിയും ബി.സുമീതി റെഡ്ഡിയും അടങ്ങുന്ന ജോഡി നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍ക്കുകയായിരുന്നു. യോഗ്യതാ റൗണ്ട് കളിച്ചെത്തിയ ഡാനി ക്രിസ്‌നാന്റ-കീന്‍ ഹീന്‍ ലോ സഖ്യത്തോടാണ് ഇന്ത്യന്‍ ജോഡി പരാജയപ്പെട്ടത്. സ്‌കോര്‍: 13-21, 17-21.

Content Highlights: PV Sindhu and Saina Nehwal reach second round of Singapore Open