കല്ലംഗ്: പി.വി സിന്ധുവും സൈന നേവാളും സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍. ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ച്‌ഫെല്‍റ്റിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു നാലാം സീഡായ സിന്ധുവിന്റെ മുന്നേറ്റം.

39 മിനിറ്റിനുള്ളില്‍ സിന്ധു വിജയം കണ്ടു. സ്‌കോര്‍: 21-13, 21-19. ഡാനിഷ് താരത്തിനെതിരേ സിന്ധുവിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.

തായ്‌ലന്‍ഡ് താരം പോപാവീ ചോചുവോങ്ങിനെ കടുത്ത പോരാട്ടത്തില്‍ കീഴടക്കിയാണ് സൈന ക്വാര്‍ട്ടറില്‍ കടന്നത്. ഒരു മണിക്കൂറും 11 മിനിറ്റുമെടുത്ത പോരാട്ടം മൂന്ന് ഗെയിം നീണ്ടു നിന്നു. ആദ്യ ഗെയിം അനായാസം പിന്നിട്ട സൈനയ്ക്ക് പക്ഷേ രണ്ടാം ഗെയിമില്‍ പിഴച്ചു. മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇന്ത്യന്‍ താരം മത്സരം സ്വന്തമാക്കി. സ്‌കോര്‍: 21-16,18-21,21-19.

അതേസമയം മറ്റൊരു ഇന്ത്യന്‍ താരമായ പാരുപ്പള്ളി കശ്യപ് തോറ്റു പുറത്തായി. നാലാം സീഡ് ചൈനയുടെ ചെന്‍ ലോങ്ങിനോടാണ് കശ്യപ് തോറ്റത്. ആദ്യ ഗെയം 21-9ന് തോറ്റ കശ്യപ് രണ്ടാം ഗെയിമില്‍ 18-21ന് തിരിച്ചുവരവ് നടത്തി. എന്നാല്‍ മൂന്നാം ഗെയിം 21-16ന് സ്വന്തമാക്കി ചൈനീസ് താരം ക്വാര്‍ട്ടറിലേക്ക് മുന്നേറി. 

Content Highlights: PV Sindhu and Saina Nehwal Quarter Final Singapore Open Badminton