ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ (ബി.ഡബ്ല്യു.എഫ്) ആജീവനാന്ത പുരസ്‌കാരത്തിന് അര്‍ഹനായി ഇന്ത്യന്‍ ഇതിഹാസം പ്രകാശ് പദുകോണ്‍. ബാഡ്മിന്റണ്‍ മേഖലയില്‍ പ്രകാശ് പദുകോണ്‍ സമ്മാനിച്ച സമഗ്ര സംഭാവനകള്‍ കണക്കിലെടുത്താണ് ബി.ഡബ്ല്യു.എഫ് അദ്ദേഹത്തെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്‌. ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷനാണ് (ബി.എ.ഐ) പ്രകാശ് പദുകോണിന്റെ പേര് ബി.ഡബ്ല്യു.എഫിന് മുമ്പാകെ നിര്‍ദേശിച്ചത്. 

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന പ്രകാശ് പദുകോണ്‍ ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ താരമാണ്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ അദ്ദേഹത്തിന് 2018-ല്‍ ആജീവനാന്ത പുരസ്‌കാരം സമ്മാനിച്ചിരുന്നു. പദുകോണിന് ഈ പുരസ്‌കാരം ലഭിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍  സെക്രട്ടറി അജയ് സിംഗാനിയ പറഞ്ഞു.

' ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്റെ ആജീവനാന്ത പുരസ്‌കാരം നേടിയ പ്രകാശ് പദുകോണിന് അഭിനന്ദനങ്ങള്‍. അദ്ദേഹത്തിന് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചതില്‍ ഏറെ അഭിമാനിക്കുന്നു. ഇന്ത്യന്‍ ബാഡ്മിന്റണ്‍ മേഖലയില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ വളരെ വലുതാണ്. ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്റെ പേരില്‍ അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു'-  സിംഗാനിയ കൂട്ടിച്ചേര്‍ത്തു

2021 ഇന്ത്യ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനിടയില്‍ പ്രകാശ് പദുകോണിന് പുരസ്‌കാരം നല്‍കുമെന്ന് ബി.ഡബ്ല്യു.എഫ് അറിയിച്ചു. 

Content Highlights: Prakash Padukone to receive Lifetime Achievement Award from BWF