ബിര്‍മിങ്ങാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യയുടെ അവസാന പ്രതീക്ഷയായിരുന്ന പി.വി.സിന്ധുവും പുറത്തായി. വനിതകളുടെ സിംഗിള്‍സ് സെമി ഫൈനലില്‍ തായ്‌ലന്‍ഡിന്റെ പോണ്‍പാവി ചോച്ചുവോങ്ങിനോട് തോല്‍വി വഴങ്ങിയാണ് സിന്ധു പുറത്തായത്.

ഒന്നു പൊരുതുക പോലും ചെയ്യാതെ സിന്ധു ചോച്ചുവോങ്ങിന് മുന്നില്‍ നിരുപാധികം കീഴടങ്ങി. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തായ്‌ലന്‍ഡ് താരത്തിന്റെ വിജയം. സ്‌കോര്‍: 21-17, 21-9

ആദ്യ സെറ്റില്‍ മാത്രമാണ് സിന്ധു ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. എന്നാല്‍ സിന്ധുവിന്റെ ബലഹീനതകള്‍ കൃത്യമായി മനസ്സിലാക്കിയ ചോച്ചുവോങ് സെറ്റ് സ്വന്തമാക്കി. ആദ്യ 25 മിനിട്ടില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇരു താരങ്ങളും കാഴ്ചവെച്ചത്. പക്ഷേ രണ്ടാം സെറ്റില്‍ സിന്ധു തളര്‍ന്നു. രണ്ടാം സെറ്റില്‍ വെറും ഒന്‍പത് പോയന്റ് മാത്രമാണ് സിന്ധുവിന് നേടാനായത്. 

ലോകറാങ്കിങ്ങില്‍ പതിനൊന്നാം സ്ഥാനത്തുള്ള ചോച്ചുവോങ് സിന്ധുവിനേക്കാള്‍ എത്രയോ പിറകിലാണ്. നിലവില്‍ സിന്ധു ലോക റാങ്കിങ്ങില്‍ എഴാം സ്ഥാനത്താണ്. ഇതോടെ ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും എല്ലാ ഇന്ത്യന്‍ താരങ്ങളും പുറത്തായി. നേരത്തേ പുരുഷ സിംഗിള്‍സ് ക്വാര്‍ട്ടറില്‍ ലക്ഷ്യ സെന്‍ പുറത്തായിരുന്നു.

Content Highlights: Pornpawee beats Sindhu in All England Open Badminton Semifinal match