ഹൈദരബാദ്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ഓൺലൈൻ പരിശീലന ക്യാമ്പിനിടെ സ്ക്രീനിൽ അശ്ലീല ദൃശ്യങ്ങൾ. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുമായി ചേർന്ന് രാജ്യവ്യാപകമായി എഴുന്നൂറോളം പരിശീലകർക്കായാണ് ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ ക്യാമ്പ് സംഘടിപ്പിച്ചത്. നിലവിൽ പരിശീലന പരിപാടി നിർത്തിവെച്ചിരിക്കുകയാണ്. ഇതുസംബന്ധിച്ച് സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഐടി വിഭാഗം അന്വേഷണം നടത്തും.

പ്രശസ്ത ബാഡ്മിന്റൺ പരിശീലകൻ പുല്ലേല ഗോപീചന്ദ് ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇന്തോനേഷ്യൻ പരിശീലകരായ ആഗുസ് ദ്വി സാന്റോസ്, നംറീഹ് സുറോട്ടോ എന്നിവരും ഓൺലൈൻ ക്ലാസ് എടുക്കാനായി എത്തിയിരുന്നു. ആഗുസ് ദ്വി സാന്റോസിന്റെ ലൈവ് സെഷനിടെ ആയിരുന്നു അശ്ലീല ദൃശ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ചിത്രങ്ങൾ സ്ക്രീനിൽ ഇടക്കിടെ തെളിഞ്ഞതോടെ ഗോപീചന്ദ് ലാപ്ടോപ്പ് ഓഫ് ചെയ്തു.

സുരക്ഷാ പ്രശ്നങ്ങളുള്ള സൂം വീഡിയോ കോൺഫറൻസ് ആപ്പ് ആണ് പരിശീലന സെഷനു വേണ്ടി ഉപയോഗിച്ചിരുന്നത്. സൂം ആപ്പ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി സർക്കാർ ഉദ്യോഗസ്ഥർ സൂ ആപ്പ് ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശവും നൽകിയിരുന്നു.

എന്നാൽ സൂം ആപ്പ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും ഇതുവരെ നടത്തിയ സെഷനുകളിലൊന്നും പ്രശ്നങ്ങളുണ്ടായിരുന്നില്ലെന്നുമുള്ള വിശദീകരണവുമായി സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ രംഗത്തെത്തി. വ്യാഴാഴ്ച്ച നടത്തിയ ഓൺലൈൻ ക്ലാസിനിടെ സാങ്കേതിക പിഴവ് മൂലം ചില അനാവശ്യ ചിത്രങ്ങൾ സ്ക്രീനിൽ പ്രത്യക്ഷപ്പെടുകയായിരുന്നെന്നും സായ് വിശദീകരിച്ചു.

content highlights: Porn Forces Sports Authority to Abruptly End Online Training by Pullela Gopichand for Top Coaches