ഹൈദരാബാദ്: 2019-ൽ ബേസലിൽ നടന്ന ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം പി.വി സിന്ധു സ്വർണത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. മുൻവർഷങ്ങളിലായി രണ്ടു വീതം വെള്ളിയും വെങ്കലവും സിന്ധു നേടിയിരുന്നു. അതുകൊണ്ടുതന്നെയാണ് സ്വർണത്തിൽ കുറഞ്ഞതൊന്നും അവളെ തൃപ്തിപ്പെടുത്താതിരുന്നത്. ഒടുവിൽ നവോമി ഒകുഹാരയെ പരാജയപ്പെടുത്തി സിന്ധു സ്വർണം കഴുത്തിലണിഞ്ഞു.

ആളുകൾ തന്നെ 'സിൽവർ സിന്ധു' എന്നു വിളിക്കാൻ തുടങ്ങിയിരുന്നെന്നും അത് തന്നെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നെന്നും സിന്ധു പറയുന്നു. അതാണ് സ്വർണം മാത്രം മനസ്സിലുറപ്പിച്ച് കളിക്കാൻ ഇറങ്ങിയതെന്നും സിന്ധു വ്യക്തമാക്കുന്നു. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസുമായുള്ള ലൈവ് ചാറ്റിനിടെ സംസാരിക്കുകയായിരുന്നു സിന്ധു.

'എന്റെ 100% കളിക്കളത്തിൽ നൽകുക എന്നതുമാത്രമായിരുന്നു ലക്ഷ്യം. ആളുകൾ സിൽവർ സിന്ധു എന്നു വിളിക്കുന്നത് ഇനിയും എനിക്ക് കേൾക്കാനാകുമായിരുന്നില്ല. ചില സമയത്ത് ഇത് മനസ്സിലേക്ക് കയറിവരും. ആ സമയത്ത് ഞാൻ എന്നോടുതന്നെ പറയും ' അങ്ങനെ ഒന്നും ചിന്തിക്കരുത്. കോർട്ടിൽ 100% നൽകുക എന്നതു മാത്രമാണ് ഇപ്പോഴത്തെ ലക്ഷ്യം. സ്വർണത്തിലേക്ക് ശ്രമിക്കുക. വിജയിക്കാനാകും'.
ബേസലിൽ സ്വർണം നേടിയതോടെ ഒരു ലോകചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡ് 24-കാരിയായ സിന്ധു സ്വന്തമാക്കി.

2012-ൽ ഒളിമ്പിക് ചാമ്പ്യനായ ചൈനീസ് താരം ലി സുറേയിയെ പരാജയപ്പെടുത്തിയത് കരിയറിലെ വഴിത്തിരിവായെന്നും സിന്ധു പറയുന്നു. 2012 സെപ്റ്റംബറിൽ നടന്ന ചൈന മാസ്റ്റേഴ്സിലാണ് സിന്ധു ലി സുറേയിയെ അട്ടിമറിച്ചത്. വിജയത്തിലേക്കുള്ള അവസാന പോയിന്റ് നേടുംമുമ്പ് മനസ്സിലുണ്ടാകുക എങ്ങനെ വിജയം ആഘോഷിക്കണമെന്ന ചിന്തയാകുമെന്നും എന്നാൽ കണക്കുകൂട്ടിയതു പോലെയൊന്നുമാകില്ല ആഘോഷരീതിയെന്നും സിന്ധു പറയുന്നു.

content highlights: People started calling me Silver Sindhu PV Sindhu talks about overcoming losses in finals