പാരീസ്: ഇന്ത്യന്‍ താരം സൈനാ നേവാള്‍ ഓര്‍ലിയന്‍സ് മാസ്റ്റേഴ്‌സ് ബാഡ്മിന്റണിന്റെ സെമിഫൈനലില്‍ കടന്നു.

മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ അമേരിക്കയുടെ ഐറിസ് വാങ്ങിനെ തോല്‍പ്പിച്ചാണ് സൈനയുടെ സെമി പ്രവേശനം. സ്‌കോര്‍: 21-19, 17-21, 21-19. 

അതേസമയം പുരുഷ വിഭാഗത്തില്‍ കിഡംബി ശ്രീകാന്ത് പുറത്തായി. ഫ്രാന്‍സിന്റെ തോമ ജൂനിയറിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു ശ്രീകാന്തിന്റെ തോല്‍വി. സ്‌കോര്‍: 19-21, 17-21. 

വനിതാ ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ അശ്വനി പൊന്നപ്പ - സിക്കി റെഡ്ഡി സഖ്യം സെമിയില്‍ കടന്നു. ഇംഗ്ലണ്ടിന്റെ ലൗറന്‍ സ്മിത്ത്-സി. ബ്രിച്ച് സഖ്യത്തെ കീഴടക്കി (21-14, 21-18).

ഇതിനു പിന്നാലെ മിക്‌സഡ് ഡബിള്‍സില്‍ ധ്രുവ് കപിലയ്‌ക്കൊപ്പവും അശ്വനി പൊന്നപ്പ സെമി ബര്‍ത്ത് ഉറപ്പിച്ചു. ഇംഗ്ലണ്ടിന്റെ മാക്‌സ് ഫിന്‍ - ജെസ്സിക്ക പുഗ് സഖ്യത്തെയാണ് അശ്വനി പൊന്നപ്പ - ധ്രുവ് സഖ്യം തോല്‍പ്പിച്ചത് (21-13, 21-18). 

അതേസമയം യുവതാരം ഇറ ശര്‍മ ഡെന്‍മാര്‍ക്കിന്റെ ലിനെ ക്രിസ്റ്റഫര്‍സനോട് ക്വാര്‍ട്ടറില്‍ കീഴടങ്ങി (11-21, 8-21).

പുരുഷ ഡബിള്‍സില്‍ ഇന്ത്യയുടെ കൃഷ്ണ പ്രസാദ് ഗാരഗ - വിഷ്ണു വര്‍ധന്‍ സഖ്യവും സെമിയില്‍ കടന്നു. ഫ്രാന്‍സിന്റെ ക്രിസ്റ്റോ പോപോവ് - തോമ ജൂനിയര്‍ സഖ്യത്തെയാണ് ഇവര്‍ മറികടന്നത് (21-17, 10-21, 22-20).

Content Highlights: Orleans Masters Saina Nehwal enters semifinals Kidambi Srikanth loses