ബാസെല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ പി.വി സിന്ധുവിന്റെ ചരിത്രനേട്ടം എല്ലാവരും ആഘോഷിച്ചപ്പോള്‍ അതില്‍ മുങ്ങിപ്പോയ മറ്റൊരു നേട്ടമുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബാസെലില്‍ നിന്ന് തന്നെ സിന്ധുവിന്റെ നേട്ടത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മാത്രം സ്വര്‍ണത്തിലേക്ക് പറന്ന ഒരു താരം. പാരാ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ സിംഗിള്‍സ് വിഭാഗത്തില്‍ കിരീടമുയര്‍ത്തിയ മാനസി നയന ജോഷി. മാനസിയടങ്ങിയ ടീം ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് 12 മെഡലുകളുമായാണ് നാട്ടിലേക്ക് തിരിച്ചെത്തിയത്. 

എന്നാല്‍ ആദ്യം ആരും ഈ നേട്ടം ആഘോഷിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേന്ദ്ര കായികമന്ത്രി കിരണ്‍ റിജ്ജുവിനേയും തങ്ങളുടെ ഈ ചരിത്ര നേട്ടത്തെ കുറിച്ച് മാനസി ട്വീറ്റിലൂടെ അറിയിച്ചു. പിന്നാലെ പ്രധാനമന്ത്രിയുടെ അഭിനന്ദന ട്വീറ്റെത്തി. കായികമന്ത്രി വിജയിച്ചവര്‍ക്ക് പാരിതോഷികങ്ങള്‍ പ്രഖ്യാപിച്ചു. സ്വര്‍ണത്തിന് 20 ലക്ഷവും വെള്ളിക്ക് 14 ലക്ഷവും വെങ്കലത്തിന് എട്ട് ലക്ഷവുമാണ് സമ്മാനിക്കുക. ഇപ്പോള്‍ മാനസിയുടെ ട്വിറ്റര്‍ പേജ് നിറയെ അഭിനന്ദനങ്ങളാണ്. സുവര്‍ണ താരത്തെ അഭിനന്ദിക്കാന്‍ സിന്ധുവും മറന്നില്ല. 

ഗുജറാത്തിലെ രാജ്കോട്ടില്‍നിന്നുള്ള 30-കാരിയായ മാനസി ഫൈനലില്‍ ഇന്ത്യയുടെതന്നെ പാരുള്‍ പാര്‍മറെ തോല്‍പ്പിച്ചാണ് (21-12, 21-7) കിരീടം നേടിയത്. എസ്.എല്‍. 3 വിഭാഗത്തില്‍ മൂന്ന് തവണ ലോക കിരീടം നേടിയ താരമാണ് പാരുള്‍.

2011-ല്‍ സംഭവിച്ച റോഡപകടത്തില്‍ മാനസിയുടെ ഇടത്തെ കാല്‍ നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ തളരാത്ത മനസ്സുമായി കോര്‍ട്ടിലേക്ക് തിരിച്ചുവന്ന താരത്തിന്റെ പോരാട്ടവീര്യത്തിനുള്ള പ്രതിഫലമാണ് ലഭിച്ചത്. ആറാം വയസ്സില്‍ ബാഡ്മിന്റണ്‍ കളി തുടങ്ങിയ മാനസി 2015-ല്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ മിക്‌സഡ് വിഭാഗത്തില്‍ വെള്ളി നേടി. 2017-ല്‍ വനിത വിഭാഗത്തില്‍ വെങ്കലം നേടിയ താരം 2019 പാര ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി. പി. ഗോപീചന്ദിന്റെ കീഴിലാണ് പരിശീലനം നടത്തുന്നത്.

 

Content Highlights: Manasi Joshi Quietly Won Her First Gold at BWF Para Badminton Championships PV Sindhu