ഹൈദരാബാദ്: ഇന്ത്യന്‍ കായികരംഗത്തെ കുലീനവ്യക്തിത്വങ്ങളിലൊന്നാണ് ലോകചാമ്പ്യന്‍ഷിപ്പ് ജേത്രിയായ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു. മാന്യമായി പെരുമാറുന്ന, എളിമയുള്ള പെണ്‍കുട്ടി. ഹൃദയഭേദകമായ തോല്‍വികളില്‍പ്പോലും ശാന്തത കൈവിടാത്തവള്‍. എന്നാല്‍, കൊറിയക്കാരിയായ മുന്‍കോച്ച് കിം ജി ഹ്യുന്‍ സിന്ധുവിനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ വേദനയിലാണിപ്പോള്‍ അവരുടെ കുടുംബവും സുഹൃത്തുക്കളും ആരാധകരും. കൊറിയന്‍ യൂ ട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍, സിന്ധുവിനെ 'ഹൃദയശൂന്യ' എന്നാണ് കിം വിശേഷിപ്പിച്ചത്.

കിം പറഞ്ഞത് ഇങ്ങനെ:

സിന്ധുവിനെ വ്യക്തിപരമായി ഞാന്‍ ഒരുപാട് പരിശീലിപ്പിച്ചിട്ടുണ്ട്. അവള്‍ കരുത്തയാണ്. പക്ഷേ, സാമര്‍ഥ്യം കുറവ്. അവരുടെ പഴയ കളികള്‍ കണ്ടു. തിരുത്തലുകള്‍ നിര്‍ദേശിച്ചു. അത് ഫലിച്ചു. മത്സരങ്ങള്‍ ജയിക്കാന്‍ തുടങ്ങി. സിന്ധു എന്നില്‍ വിശ്വസിച്ചുതുടങ്ങി. ലോകചാമ്പ്യന്‍ഷിപ്പിന് പോകുംമുമ്പ് ഞാന്‍ അസുഖംവന്ന് അവശയായി. ആശുപത്രിയില്‍പ്പോയി കുത്തിവെപ്പ് എടുത്തുകൊണ്ടിരുന്നു. പക്ഷേ, ആരും കാണാന്‍വന്നില്ല. സിന്ധു ഒരിക്കല്‍ വിളിച്ചു. എന്നാണ് കോച്ചിങ്ങിനായി തിരികെവരിക എന്ന് തിരക്കി. അസുഖത്തെക്കുറിച്ച് ഒന്നും ചോദിച്ചില്ല. അവര്‍ ഹൃദയശൂന്യയാണെന്നുതോന്നി. പരിശീലനത്തിന് മാത്രമേ അവര്‍ക്ക് എന്നെ വേണ്ടൂ. ലോകചാമ്പ്യന്‍ഷിപ്പിന് ഞങ്ങള്‍ ഒരുമിച്ചാണ് പോയത്. സിന്ധു കിരീടം നേടി.

ഒരുമിച്ച് മടങ്ങാമെന്നാണ് ഞാന്‍ ചിന്തിച്ചത്. എന്നാല്‍, താന്‍ തനിച്ചാണ് നാട്ടിലേക്ക് പോകുന്നതെന്ന് സിന്ധു പറഞ്ഞു. അതെന്താ അങ്ങനെ എന്ന് ഞാന്‍ ചോദിച്ചു. തനിക്ക് സമ്മാനങ്ങള്‍ സ്വീകരിക്കാനുണ്ടെന്ന് മറുപടി. ജയിച്ചശേഷം എന്നെ ഒഴിവാക്കുകയാണല്ലേ എന്ന് ഞാന്‍ കളിയോടെ പറഞ്ഞു. അങ്ങനെയല്ലെന്ന് സിന്ധു. അന്ന് ഞാനങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍ സിന്ധുവിന്റെ അവാര്‍ഡ് സെറിമണി എനിക്ക് കാണാനാവുമായിരുന്നില്ല''.

വേദനയോടെ രമണ

ഈ പരാമര്‍ശങ്ങള്‍ക്കെതിരേ ആദ്യം രംഗത്തുവന്നത് സിന്ധുവിന്റെ അച്ഛന്‍ രമണയാണ്. കിമ്മിന് അസുഖമാണെന്ന് തങ്ങള്‍ അറിഞ്ഞിരുന്നില്ലെന്ന് രമണ വ്യക്തമാക്കി. അറിഞ്ഞിരുന്നെങ്കില്‍ സിന്ധു ആശുപത്രിയില്‍ ഓടിയെത്തുമായിരുന്നു. കിമ്മിനെ പരിശീലനത്തിന് കാണാത്തപ്പോള്‍ സിന്ധു വിളിച്ചുചോദിച്ചു. ലോകചാമ്പ്യന്‍ഷിപ്പ് വിജയത്തില്‍ കിമ്മിന് സിന്ധു ക്രെഡിറ്റ് നല്‍കിയതാണ്. എല്ലാ വേദികളിലും അത് പറഞ്ഞു. എന്നിട്ടും കിം ഇങ്ങനെയൊക്കെ പറഞ്ഞത് വേദനിപ്പിക്കുന്നു - രമണ പറഞ്ഞു.

ലോകചാമ്പ്യന്‍ഷിപ്പിന് മുമ്പുള്ള എട്ടോ ഒമ്പതോ ദിവസങ്ങള്‍ കിം പരിശീലിപ്പിക്കാന്‍ വന്നിരുന്നില്ലെന്ന് ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയിലെ ഒരു കോച്ച് പറഞ്ഞു. ചാമ്പ്യന്‍ഷിപ്പ് വേദിയായ ബാസെലിലേക്ക് പോകാന്‍ അവര്‍ നേരേ വിമാനത്താവളത്തിലെത്തി. ലോകചാമ്പ്യന്‍ഷിപ്പിനുശേഷം കിം പൊടുന്നനെ നാട്ടിലേക്ക് മടങ്ങി. ഭര്‍ത്താവിന് പക്ഷാഘാതം വന്നെന്നും ശുശ്രൂഷിക്കാന്‍ പോവുകയാണെന്നുമാണ് പറഞ്ഞത്. ഭര്‍ത്താവിന്റെ അസുഖം പെട്ടെന്നൊന്നും മാറില്ലെന്നും ഇനി ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ സാധ്യതയില്ലെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍, നാലുമാസംമുമ്പ് കിം തയ്വാനിലെ ഒരു ക്ലബ്ബില്‍ ചേര്‍ന്നു.

Content Highlights: Korean Coach Kim Ji Hyun Calls PV Sindhu 'Heartless'