സോള്‍: ഇന്ത്യന്‍ താരം പി.വി സിന്ധു സ്വപ്‌നക്കുതിപ്പ് തുടരുന്നു. ചൈനീസ് താരത്തെ വാശിയേറിയ പോരാട്ടത്തില്‍ തോല്‍പ്പിച്ച് സിന്ധു കൊറിയ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ഫൈനലിലെത്തി. 

66 മിനിറ്റു നീണ്ടു നിന്ന മത്സരത്തില്‍, മൂന്നു ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് സിന്ധു ചൈനയുടെ ഹി ബിങ്ജിയോയെ തോല്‍പ്പിച്ചത്. സ്‌കോര്‍: 21-10, 17-21,21-16.

ഫൈനലില്‍ ജപ്പാനീസ് താരം നൊസോമി ഒകുഹാരയാണ് സിന്ധുവിന്റെ എതിരാളി. കഴിഞ്ഞ മാസം നടന്ന ബാഡ്മിന്റണ്‍ ലോകചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സിന്ധുവിനെ തോല്‍പ്പിച്ച താരമാണ് ഒകുഹാര.

ഈ വര്‍ഷം സിന്ധു ഇത് രണ്ടാം തവണയാണ് ഒരു സൂപ്പര്‍സീരീസിന്റെ ഫൈനലിലെത്തുന്നത്. കരിയറില്‍ അഞ്ചാം തവണയും. ഈ വര്‍ഷം ഏപ്രിലില്‍ ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസ് കിരീടം സിന്ധു നേടിയിരുന്നു.