ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഫൈനലില്‍ കിഡംബി ശ്രീകാന്തിന് തോല്‍വി. രണ്ടാം സീഡ് ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ അക്സെല്‍സനാണ് ഇന്ത്യന്‍ താരത്തെ നേരിട്ടുള്ള ഗെയിമുകളില്‍ തോല്‍പ്പിച്ചത് (21-7, 22-20).

ആദ്യ ഗെയിമില്‍ എളുപ്പത്തില്‍ കീഴടങ്ങിയ ശ്രീകാന്ത് രണ്ടാം ഗെയിമില്‍ ഇഞ്ചോടിച്ച് പൊരുതിയാണ് ഡാനിഷ് താരത്തിന് മുന്നില്‍ വീണത്. ആദ്യ ഗെയിമില്‍ 4-4 ന് ഒപ്പം പിടിച്ച ശേഷമാണ് ശ്രീകാന്തിന് നിയന്ത്രണം നഷ്ടമായത്. 7-6ന് എന്ന നിലയില്‍ ലീഡെടുത്ത ശേഷം തുടര്‍ച്ചയായി നാല് പോയന്റ് നേടി അക്സെല്‍സന്‍ പിടിമുറുക്കി. തുടര്‍ന്ന് ആറ് പോയന്റ് കൂടി തുടര്‍ച്ചയായി നേടി ഡാനിഷ് താരം കേവലം 11 മിനിറ്റില്‍ ആദ്യ ഗെയിം സ്വന്തമാക്കി.

രണ്ടാം ഗെയിമില്‍ ഓരോ പോയന്റിനും പൊരിഞ്ഞ പോരാട്ടം നടന്നു. 15-15, 18-18, 20-20 എന്നിങ്ങനെ തുല്യത പുലര്‍ത്തിയശേഷമാണ് അക്സെല്‍സന്‍ ഗെയിമും മത്സരവും കിരീടവും സ്വന്തമാക്കിയത്.

Content Highlights: Kidambi Srikanth loses in India Open final