2010. ആന്ധ്രപ്രദേശ് സംസ്ഥാനതല ബാഡ്മിന്റണ്‍ സിംഗില്‍സ്ള്‍സ് ഫൈനല്‍ മത്സരം...മത്സരിക്കുന്നത് ആന്ധ്ര കണ്ട മികച്ച കളിക്കാരായ അനിയനും ജ്യേഷ്ഠനും...കപ്പിനായി രണ്ടു മക്കളും പൊരുതുമ്പോള്‍ അവരുടെ മാതാപിതാക്കള്‍ ആര്‍ക്കൊപ്പം നില്‍ക്കും... ?

ഗുണ്ടൂര്‍ ലക്ഷ്മിപുരം ചന്ദ്രമൗലിനഗറിലെ രണ്ടാം നിലയിലുള്ള അപ്പാര്‍ട്ട്‌മെന്റിലിരുന്ന് ചെറു ചിരിയോടെ കെ.വി.എസ് കൃഷ്ണയും രാധയും ഒരേ സ്വരത്തില്‍ മറുപടി പറഞ്ഞു, സ്‌നേഹം പങ്കുവെക്കുമ്പോള്‍ തുല്യമാവണം...ഞങ്ങള്‍ ആ കളി കാണാനേ പോയില്ല. പക്ഷേ രണ്ടുപേരും ചാമ്പ്യന്‍സ് ട്രോഫിയുമായാണ് വീട്ടില്‍ വന്നത്. മൂത്തയാള്‍ സിംഗിള്‍സില്‍ ജയിച്ചപ്പോള്‍ അനിയന്‍ ഡബിള്‍സില്‍ കിരീടം ചൂടി...

മക്കളെ കുറിച്ച് പറയുമ്പോള്‍ അഭിമാനം വാനോളമെത്തി ആ അമ്മമനസ്സില്‍ അച്ഛന്‍ ആഹ്ലാദം ഒട്ടും തുളുമ്പാതെ മനസ്സില്‍ അടക്കി.ആ രണ്ടു മക്കള്‍ ആരാണ് എന്നല്ലേ...ലോക എട്ടാം നമ്പര്‍ ബാഡ്മിന്റണ്‍ താരം ശ്രീകാന്ത് നമ്മല്‍വാര്‍ കിഡമ്പിയും ജ്യേഷ്ഠന്‍ ഇന്ത്യന്‍ ഡബിള്‍സ് താരം നന്ദഗോപാല്‍ കിഡമ്പിയും.

ഗുണ്ടൂരില്‍ വണ്ടിയിറങ്ങുമ്പോള്‍ 2014 ലെ ചൈനീസ് ഓപ്പണ്‍ സീരിസില്‍ ഒളിമ്പിക്ക് സ്വര്‍ണ്ണജേതാവ് ലിന്‍ ഡാനെ മുട്ടുകുത്തിച്ച ശ്രീകാന്തിന്റെ വീടായിരുന്നു ലക്ഷ്യം.ഇക്കഴിഞ്ഞ ഇന്‍ഡോനേഷ്യന്‍ സൂപ്പര്‍ സീരിസില്‍ ജപ്പാന്റെ കാസുമാസ സക്കായിയെ യും പരാജയപ്പെടുത്തിയപ്പോള്‍ കോര്‍ട്ടില്‍ ഉദിച്ചുയരുന്ന ഇന്ത്യന്‍ താരമെന്നാണ് ലോക മാധ്യമങ്ങള്‍ ശ്രീകാന്തിനെ വാഴ്ത്തിയത്...പക്ഷേ ഗുണ്ടൂരിലെ ആര്‍ക്കും ശ്രീകാന്തിനെ അറിയില്ല...പല ഓട്ടോക്കാരോടും ചോദിച്ചു. 

kidambi srikanth
ശ്രീകാന്തിന്റെ അച്ഛനും അമ്മയും  ഫോട്ടോ: സിദ്ദിഖുല്‍ അക്ബര്‍

തെലിയതു സാര്‍....ഉത്തരം വന്നു..ചോദിച്ചുചോദിച്ചു നില്‍ക്കുമ്പോളാണ് ഒരു ഓട്ടോക്കാരന്‍ പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ശ്രീകാന്ത് പ്ലേ സ്റ്റോപ്പ് ചെയ്‌സ്താരണ്ടി...ശ്രീകാന്ത് കളി നിര്‍ത്തിയോ ഒന്നു ഞെട്ടി..പക്ഷേ അയാള്‍ ഉദ്ദേശിച്ച ശ്രീകാന്ത് നമ്മുടെ പഴയ ക്രിക്കറ്റ് താരം ശ്രീകാന്താണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആശ്വാസമായി.അന്വേഷണം എങ്ങുമെത്തില്ലെന്നറിഞ്ഞ് സ്‌പോര്‍ട്‌സ് ലേഖകനായ സുഹൃത്തിന്റെ സഹായം തേടി. ശ്രീകാന്തിന്റെ അച്ഛന്‍ കൃഷ്ണയുടെ ഫോണ്‍ നമ്പര്‍ വാട്‌സാപ്പിലെത്തി.

വിളിച്ചപ്പോള്‍ ഗുണ്ടൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിന്റെ അടുത്തെത്താന്‍ ആവശ്യപ്പെട്ടു.അവിടെ നിന്ന് ഓട്ടോഡ്രൈവര്‍ക്ക് ഫോണ്‍ കൊടുത്താല്‍ റുട്ട് പറഞ്ഞുതരാം.വഴി ചോദിച്ച് ചോദിച്ച് എത്തിയത് ലക്ഷ്മിപുരം ചന്ദ്രമൗലി നഗറില്‍.രണ്ടാം നിലയിലെ ഫ്ലാറ്റില്‍ സാക്ഷാല്‍ രാധാകൃഷ്ണ സ്വരൂപം പോലെ കെ.വി.എസ് കൃഷ്ണയും ഭാര്യ രാധയും.

ആഢംബരം അകത്തുകയറാത്ത ആ വീട്ടിലെ സ്വീകരണമുറിയില്‍ മെഡലുകളുടെയും ട്രോഫികളുടെയും സംസ്ഥാന സമ്മേളനം. തിങ്ങി നിറഞ്ഞു നില്‍ക്കുന്ന നൂറുകണക്കിന് മെഡലുകള്‍ക്കും ട്രോഫികള്‍ക്കും ഇടയില്‍ ദ്രോണാചാര്യ അവാര്‍ഡും ശ്രീകാന്തിന് ലോക ശ്രദ്ധനേടിക്കൊടുത്ത 2014 ലെ ചൈനീസ് ഓപ്പണ്‍ സീരിസ് കിരീടവും. രണ്ടുഗ്ലാസ് ഗുണ്ടൂര്‍ കാപ്പിക്കപ്പുറത്തിരുന്ന് കൃഷ്ണ മക്കളെ കോര്‍ട്ടിലേക്കു വിട്ട ഓര്‍മയിലേക്കൊരു സ്മാഷ് വിട്ടു...

kidambi srikanth

പാരമ്പര്യമായി കിട്ടിയ ആയിരക്കണക്കിന് ഏക്കര്‍ ഭൂമിയുള്ള ജന്മി കെ.വി.എസ് കൃഷ്ണ മക്കളെ വിദേശത്തു വിട്ടു പഠിപ്പിക്കാതെ കൈയ്യില്‍ റാക്കറ്റ് കൊടുത്ത് കോര്‍ട്ടിലേക്ക് വിട്ടു. കുടുംബം ഒന്നടങ്കം ഞെട്ടി. 20 വര്‍ഷം മുമ്പ് ഗുണ്ടൂര്‍ ബാഡ്മിന്റണ്‍ എന്ന് കേട്ടിട്ടുപോലും ഉണ്ടായിരുന്നില്ല.എന്നിട്ടും കൃഷ്ണ മക്കളെ ബാഡ്മിന്റണ്‍ പഠിപ്പിക്കാന്‍ തീരുമാനിച്ചതിനെ ഭ്രാന്തായി പലരും കളിയാക്കി.ആ കളിയാക്കിയവര്‍ ഇന്ന് കൃഷ്ണയുടെ മക്കളുടെ കളികണ്ട് നാണിക്കുന്നുണ്ടാകും.

മൂത്തമകന്‍ നന്ദഗോപാലാണ് ആദ്യം കോര്‍ട്ട് കീഴടക്കിയത്. ഗുണ്ടൂര്‍ ജില്ലക്കുവേണ്ടിയും പിന്നീട് ആന്ധ്രപ്രദേശിനുവേണ്ടിയും. ഒടുവില്‍ ഇന്ത്യക്കുവേണ്ടിയും റാക്കറ്റേന്തി.നന്ദഗോപാലിനൊപ്പം അനിയന്‍ ശ്രീകാന്തും ജ്യേഷ്ഠന്റെ പരിശീലനം കാണാന്‍ പോകുക പതിവായിരുന്നു ആയിടക്കാണ്. 

2001ല്‍ ആള്‍ ഇംഗ്ലണ്ട് ടൂര്‍ണമെന്റ് കിരീടം സ്വന്തമാക്കിയ സാക്ഷാല്‍ ഗോപിചന്ദിന്  ആന്ധ്രപ്രദേശ് ബാഡ്മിന്റണ്‍ അക്കാദമി സ്വീകരണം നല്‍കുന്നത്.ഗുണ്ടൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തിലായിരുന്നു സ്വീകരണം .ഗോപിചന്ദിന് പൂച്ചെണ്ട് നല്‍കാന്‍ സംഘാടകര്‍ തീരുമാനിച്ചത് നന്ദഗോപാലിനെയും ശ്രീകാന്തിനെയുമായിരുന്നു. വെള്ള ജഴ്‌സിയണിഞ്ഞ് പൂച്ചെണ്ടു നല്‍കാനെത്തിയ ശ്രീകാന്തിനെ ഗോപിചന്ദ് ശ്രദ്ധിച്ചു. ജ്യേഷ്ഠനൊപ്പം കോര്‍ട്ടിലിറങ്ങാന്‍ ഉപദേശിച്ചു..ആ ഉപദേശം ശിരസാവഹിച്ച ശ്രീകാന്ത് ജ്യേഷ്ഠനെ കടത്തിവെട്ടി ലോക എട്ടാം നമ്പര്‍ താരമായി.

ശ്രീകാന്തിന്റെ ഒരു കളിയും ഞാന്‍ കണ്ടിട്ടില്ല. ഈയടുത്ത് നടന്ന ഒസ്‌ട്രേലിയന്‍ സൂപ്പര്‍ സീരീസ് കളി ചാനലില്‍ ഉണ്ടായിട്ടും കണ്ടിട്ടില്ല. കാണ്ടാല്‍ ടെന്‍ഷനാകും.. കളികഴിഞ്ഞാല്‍ അവന്‍ വിളിക്കും.അതുവരെ അനുഭവിക്കുന്ന ഒരു സമ്മര്‍ദ്ദമുണ്ടല്ലോ അതൊരു സുഖമാണ്. പലപ്പോഴും കിരീടം ചൂടിയ സന്തോഷത്തിന്റെ ചിരിയാവും ഫോണിന്റെ മറുതലക്കല്‍. കൃഷ്ണ പറയുന്നു.

ഗുണ്ടൂര്‍ ജില്ലാക്രിക്കറ്റ് ടീമിനു വേണ്ടി കൃഷ്ണ പാഡണിഞ്ഞിട്ടുണ്ട്. അണ്ടര്‍ 13, 16 ടീമുകളിലെ ഓള്‍റൗണ്ടറായിരുന്നു. അന്നത്തെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ ശ്രീകാന്തിന്റെ കടുത്ത ആരാധകനായ കൃഷ്ണ രണ്ടാമത്തെ മകന് ആ ക്രിക്കറ്ററുടെ പേരിട്ടാണ് സായൂജ്യമടഞ്ഞത്.

kidambi srikanth

ഹൈദരാബാദ്  ഗച്ചിബൗളിയിലെ ഗോപീചന്ദ് ബാഡ്മിന്റണ്‍ അക്കാദമിയിലാണ് ശ്രീകാന്തും നന്ദഗോപാലും പരിശീലനം നടത്തുന്നത്.വല്ലപ്പോഴും വീട്ടില്‍ വരും.കഴിഞ്ഞ രണ്ടു മാസമായി വീട്ടില്‍ വന്നിട്ടേയില്ല. അമ്മ രാധ മക്കളെ കാണാത്ത മാതാവിന്റെ പരിഭവം പങ്കുവെച്ചു. ഇനി ആഗസ്ത് 21 ന് സ്‌കോട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പ് കഴിഞ്ഞേ ഇനി വീട്ടിലെത്തുകയുള്ളൂ.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ അസി.മാനേജരാണ് 24 കാരനായ ശ്രീകാന്ത്. 2016 മുതല്‍ പ്രമുഖ നിര്‍മ്മാതാക്കളായ യോനക്‌സ് ആണ് ശ്രീകാന്തിന്റെ സ്‌പോണ്‍സര്‍. ബാങ്ക് ഓഫ് ബറോഡയും ഗോ സ്‌പോര്‍ടസും സഹ സ്‌പോണ്‍സര്‍മാരാണ്.

ഒാസ്‌ട്രേലിയന്‍ സൂപ്പര്‍ സീരീസ് ചാമ്പ്യനായി നാട്ടിലെത്തിയ ശ്രീകാന്തിന് കഴിഞ്ഞ മാസം അച്ഛനൊരു സമ്മാനം നല്‍കിയിരുന്നു. 47ലക്ഷം രൂപയുടെ വോള്‍വോ കാര്‍. ഗച്ചിബൗളിയിലെ ഗോപീചന്ദ് അക്കാദമിയിലേക്ക്  പരിശീലനത്തിനുപോകുന്നതിപ്പോള്‍ ഈ ലക്ഷ്വറി കാറിലാണ്.

kidambi srikanth

ഹൈദരാബാദില്‍ നിന്ന് 6 മണിക്കൂറോളം യാത്ര ചെയ്ത് ഗുണ്ടൂരിലെ വീട്ടിലെത്താനുള്ള മക്കളുടെ അസൗകര്യം കണക്കിലെടുത്ത് കൃഷണയും ഭാര്യ രാധയും ഗച്ചിബൗളി ഗോപിചന്ദ് അക്കാദമിക്കടുത്ത് ഒരു വില്ല വാങ്ങിയിട്ടുണ്ട്. മക്കളോടൊപ്പം ഒരുമിച്ചു താമസിക്കാനും അവര്‍ക്ക് സപ്പോര്‍ട്ട് നല്‍കാനുമായി രണ്ടുമാസത്തിനകം ഇവര്‍ ഹൈദരാബാദിലേക്ക് താമസം മാറും. മക്കളുടെ സന്തോഷമല്ലേ നമ്മുടെ സന്തോഷം. അവിടെ ഒരു വില്ല വാങ്ങാന്‍ പണം കാര്യമാക്കിയില്ല. കൃഷ്ണ പറയുന്നു.

അപ്പാര്‍ട്ട്‌മെന്റില്‍ നിന്നിറങ്ങുമ്പോള്‍ ഫോട്ടോഷൂട്ടിനായി അകത്തെ ഷെല്‍ഫില്‍ നിന്ന് കൊണ്ടുവന്നു നിരത്തിയ ട്രോഫികള്‍ അടുക്കി വെക്കുകയായിരുന്നു രാധ. മൂന്നുവര്‍ഷത്തിനപ്പുറം ഒളിമ്പിക്‌സാണ്...ഇനി വരുമ്പോള്‍ ഇക്കൂട്ടത്തില്‍ ഒരു ഒളിമ്പിക് മെഡല്‍ കൂടി ഉണ്ടാവട്ടെ എന്നുപറഞ്ഞപ്പോള്‍ ആ ദമ്പതിമാരുടെ മുഖത്ത് ഒരു പ്രത്യാശ നിറഞ്ഞു. സന്തോഷത്തോടെ കൃഷ്ണ കൈപിടിച്ചു...ഞങ്ങളുടെയും അഭിലാഷം അതുതന്നെയാണ് നിങ്ങളുടെ നാവ് പൊന്നായിരിക്കട്ടെ.. ആ കണ്ണില്‍ ആനന്ദാശ്രു പൊടിഞ്ഞു...

Sports Masikaഈ ലക്കം സ്‌പോര്‍ട്‌സ് മാസിക വാങ്ങിക്കാം