ടോക്കിയോ: ജക്കാര്‍ത്ത ഏഷ്യൻ ഗെയിംസ് ഫൈനലിലെ തോല്‍വിയുടെ നിരാശ മാറും മുന്‍പ് ഇന്ത്യയുടെ പി.വി. സിന്ധുവിന് വീണ്ടും തോല്‍വി. ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ രണ്ടാം റൗണ്ടിൽ സിന്ധു തോറ്റു പുറത്തായി.

ചൈനീസ് താരം ഫാങ്ജി ഗാവോയാണ് നേരിട്ടുള്ള ഗെയിമുകള്‍ക്ക് സിന്ധുവിനെ തോല്‍പിച്ചത്. സ്‌കോര്‍: 18-21, 19-21. ഒരു വര്‍ഷത്തിനിടെ ആദ്യമായാണ് സിന്ധു ഒരു ടൂര്‍ണമെന്റിന്റെ പ്രാഥമിക റൗണ്ടില്‍ തോറ്റ് പുറത്താകുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡെന്‍മാര്‍ക്ക് ഓപ്പണിലാണ് സിന്ധു അവസാനമായി ഒരു ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടില്‍ പുറത്തായത്. വെറും 55 മിനിറ്റു മാത്രമാണ് മത്സരം നീണ്ടത്. ഇക്കഴിഞ്ഞ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വെള്ളി നേടിയ സിന്ധു ലോക 13-ാം നമ്പര്‍ താരം സായക തകാഹാഷിയെയാണ് ആദ്യ റൗണ്ടില്‍ തോല്‍പിച്ചത്.  

അതേസമയം പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്. പ്രണോയിയും പുറത്തായി. ലോക 10-ാം നമ്പര്‍ താരം ഇന്‍ഡൊനീഷ്യയുടെ ആന്റണി സിനിസുക ജിന്‍ടിങ്ങിനോടായിരുന്നു പ്രണോയിയുടെ തോല്‍വി. സ്‌കോര്‍: 14-21, 17-21. പ്രണോയി തോറ്റപ്പോള്‍ മുന്‍ ലോക ഒന്നാം നമ്പര്‍ താരം കിഡംബി ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നു. ഹോങ്കോങ്ങിന്റെ വിന്‍സെന്റ് കി വിങ് വോങ്ങിനെയാണ് ശ്രീകാന്ത് പരാജയപ്പെടുത്തിയത്. കൊറിയയുടെ ലി ഡോങ് കിയോണാണ് ക്വാര്‍ട്ടറില്‍ ശ്രീകാന്തിന്റെ എതിരാളി. ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ പ്രതിനിധിയാണ് ശ്രീകാന്ത്.

Content Highlights: japan open pv sindhu crashes out after losing to fangjie gao in round two