ആര്‍ഹസ്: തോമസ് കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്‍ഡൊനീഷ്യയ്ക്ക് കിരീടം. ഫൈനലില്‍ കരുത്തരായ ചൈനയെ അട്ടിമറിച്ചാണ് ഇന്‍ഡൊനീഷ്യ കിരീടത്തില്‍ മുത്തമിട്ടത്. 

2002 ന് ശേഷം ഇതാദ്യമായാണ് ഇന്‍ഡൊനീഷ്യ തോമസ് കപ്പ് കിരീടം സ്വന്തമാക്കുന്നത്. 13 തവണ ടീം കിരീടം നേടിയിട്ടുണ്ട്. 2010-ലും 2016-ലും ഫൈനലിലെത്തിയെങ്കിലും ചൈനയോട് പരാജയപ്പെടുകയായിരുന്നു. 

3-0 എന്ന സ്‌കോറിനാണ് ചൈനയെ ഇന്‍ഡൊനീഷ്യ കീഴടക്കിയത്. ആന്തണി സിനിസുക, ജൊനാതന്‍ ക്രിസ്റ്റി എന്നിവര്‍ സിംഗിള്‍സ് മത്സരത്തിലും ഫാജര്‍ അല്‍ഫിയാന്‍-മുഹമ്മദ് റിയാന്‍ അര്‍ഡിയാന്റോ സഖ്യം ഡബിള്‍സിലും ഇന്‍ഡൊനീഷ്യയ്ക്ക് വേണ്ടി വിജയം നേടി. 

വനിതകള്‍ക്കായുള്ള യൂബര്‍ കപ്പില്‍ ചൈനയാണ് വിജയിച്ചത്. അതിന്റെ ആത്മവിശ്വാസത്തില്‍ തോമസ് കപ്പ് കളിക്കാനെത്തിയ സംഘത്തിന് എന്നാല്‍ അടിതെറ്റി. ഒരു മത്സരത്തില്‍പ്പോലും വിജയിക്കാനായില്ല. ഈ വര്‍ഷം നടന്ന സുദിര്‍മാന്‍ കപ്പിലും ചൈനയാണ് വിജയം നേടിയത്. എന്നാല്‍ തോമസ് കപ്പില്‍ ചൈനീസ് താരങ്ങളെല്ലാം നിറംമങ്ങി. 

Content Highlights: Indonesia defeat China, claim title after 19 years in Thomas Cup