മുംബൈ: വിമാനത്തിലെ ജീവനക്കാരന്‍ മോശമായി പെരുമാറിയെന്ന സിന്ധുവിന്റെ പരാതിയില്‍ ജീവനക്കാരന് പിന്തുണയുമായി ഇന്‍ഡിഗോ എയര്‍ലെയ്ന്‍സ് കമ്പനി. അനുവദിച്ചതില്‍ കൂടുതല്‍ വലിപ്പമുള്ള ബാഗുമായാണ് സിന്ധു യാത്രക്കെത്തിയതെന്നാണ് ഇന്‍ഡിഗോ പുറത്തുവിട്ട പത്രക്കുറിപ്പില്‍ പറയുന്നത്.

'ഹൈദരാബാദില്‍ നിന്ന് മുംബൈയിലേക്കുള്ള 6 ഇ 608 വിമാനത്തിലാണ് സിന്ധു യാത്ര ചെയ്തത്. പക്ഷേ സിന്ധുവിന്റെ ബാഗ് ഓവര്‍ഹെഡ് ബിന്നിനുള്ളില്‍ ഒതുങ്ങുന്നതായിരുന്നില്ല. ഇത് കാര്‍ഗോ ഹോള്‍ഡിലേക്ക് മാറ്റുകയാണെന്ന് സിന്ധുവിനെ അറിയിച്ചതാണ്. എല്ലാ യാത്രക്കാരോടും ഒരേ തരത്തിലുള്ള നയമാണ് കമ്പനി സ്വീകരിക്കാറുള്ളത്' പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ ഓവര്‍ഹെഡ് ബിന്നില്‍ ബാഗ് കുത്തിനിറച്ചുവെച്ചാല്‍ അത് മറ്റുള്ള യാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്നതിനാലും താഴെ വീണ് അപകടമുണ്ടാകാനുള്ള സാധ്യതയുള്ളതിനാലുമാണ് കാര്‍ഗോ വിഭാഗത്തിലേക്ക് മാറ്റുന്ന കാര്യം തീരുമാനിച്ചതെന്നും ഇന്‍ഡിഗോ വ്യക്തമാക്കുന്നു.

Read More: വിമാനയാത്രക്കിടെ സ്റ്റാഫ് അപമര്യാദയായി പെരുമാറി; പ്രതിഷേധവുമായി സിന്ധു

'സിന്ധുവിനോട് ഇക്കാര്യം ചര്‍ച്ച ചെയ്യുമ്പോള്‍ ഗ്രൗണ്ട് സ്റ്റാഫ് വളരെ ശാന്തനായാണ് പെരുമാറിയത്. ഇത് പറയുന്നതിനിടയില്‍ സിന്ധുവിന്റെ മാനേജര്‍ ചോദ്യങ്ങള്‍ ചോദിച്ച് കുഴക്കി. പക്ഷേ ജീവനക്കാരാരും നിലവിട്ട് പെരുമാറിയിട്ടില്ല. അവസാനം ബാഗ് കാര്‍ഗോയിലേക്ക് മാറ്റാന്‍ സിന്ധുവും മാനേജറും സമ്മതിച്ചു. മുംബൈയില്‍ വിമാനമിറങ്ങിയപ്പോള്‍ സിന്ധുവിനെ ബാഗ് തിരിച്ചേല്‍പ്പിക്കുകയും ചെയ്തു' ഇന്‍ഡിഗോ പുറത്തുവിട്ട പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

സിന്ധു ഇന്ത്യക്ക് വേണ്ടി നേടിയ നേട്ടങ്ങളില്‍ അഭിമാനിക്കുന്നവരാണ് തങ്ങളെന്നും ജീവനക്കാര്‍ അവരുടെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്നും ഇന്‍ഡിഗോ അധികൃതര്‍ ചൂണ്ടിക്കാട്ടി.

Content Highlights: PV Sindhu IndiGo Airlines Over Sized Bag Badminton Airline Flight