ആര്‍ഹസ്: ഡെന്മാര്‍ക്കില്‍ വെച്ച് നടക്കുന്ന യൂബര്‍ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതാ ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സ്‌കോട്‌ലന്‍ഡിനെ തകര്‍ത്താണ് ഇന്ത്യന്‍ വനിതകള്‍ കരുത്തുകാട്ടിയത്. 4-1 എന്ന സ്‌കോറിനാണ് ഇന്ത്യയുടെ വിജയം. 

നിലവില്‍ ഗ്രൂപ്പ് ബി യില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. സ്‌കോട്‌ലന്‍ഡുമായുള്ള ആദ്യ മത്സരത്തില്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ മാളവിക ബന്‍സോദ് കിര്‍സ്റ്റി ഗില്‍മൗറിനോട് പരാജയപ്പെട്ടു (13-21, 9-21). എന്നാല്‍ രണ്ടാം മത്സരത്തില്‍ അദിതി ഭട്ട് റേച്ചല്‍ സുഗ്‌ഡെനെ കീഴടക്കിയതോടെ (21-14, 21-8) ഇന്ത്യ സ്‌കോട്‌ലന്‍ഡിനൊപ്പമെത്തി.

പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും വിജയം നേടിക്കൊണ്ടാണ് ഇന്ത്യന്‍ വനിതകള്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. ഇന്ത്യയ്ക്ക് വേണ്ടി ഡബിള്‍സില്‍ തനിഷ ക്രാസ്റ്റോ-റുതപര്‍ണ പാണ്ഡ സഖ്യം വിജയം നേടി. പിന്നാലെ നടന്ന സിംഗിള്‍സ് മത്സരത്തില്‍ തസ്‌നിം വിജയിച്ചതോടെ ഇന്ത്യ 3-1 ന് ലീഡെടുത്തു. അവസാന റിവേഴ്‌സ് ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യയുടെ യുവതാരങ്ങളായ ട്രീസ ജോളിയും ഗായത്രി ഗോപിചന്ദും വിജയം നേടി. ഇതോടെ ഇന്ത്യ 4-1 ന് സ്‌കോട്‌ലന്‍ഡിനെ കടപുഴക്കി. 

അടുത്ത മത്സരത്തില്‍ കരുത്തരായ തായ്‌ലന്‍ഡാണ് ഇന്ത്യയുടെ എതിരാളി. യൂബര്‍ കപ്പില്‍ രണ്ട് തവണ സെമി ഫൈനലിലെത്തിയാണ് ഇതുവരെയുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. 2014, 2016 വര്‍ഷങ്ങളിലാണ് ഇന്ത്യ സെമിയിലെത്തിയത്. ഇത്തവണ മത്സരത്തിനിടെ സൂപ്പര്‍ താരം സൈന നേവാള്‍ പരിക്കേറ്റ് മടങ്ങിയത് ഇന്ത്യന്‍ ടീമിന് തിരിച്ചടി സമ്മാനിച്ചു. 

Content Highlights: India Women Shuttlers Shine Bright, Qualify for Quarterfinals of Uber Cup