ന്യൂഡല്‍ഹി: ഇന്ത്യന്‍ ബാഡ്മിന്റണ്‍ ആരാധകര്‍ കാത്തിരുന്ന സ്വപ്‌ന പോരാട്ടത്തിന് ന്യൂഡല്‍ഹിയിലെ സിരി ഫോര്‍ട്ട് സ്‌പോര്‍ട്‌സ് കോംപ്ലെക്‌സ് വെള്ളിയാഴ്ച്ച വേദിയാകും. ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധുവും വെങ്കല മെഡല്‍ ജേതാവ് സൈന നേവാളും ഇന്ത്യ ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ ക്വാര്‍ട്ടറില്‍ ഏറ്റമുട്ടും, 

രണ്ടാം റൗണ്ടില്‍ വിജയിച്ചതോടെയാണ് ഇരുവരും തമ്മിലുള്ള പോരാട്ടത്തിന് വേദിയൊരുങ്ങിയത്. തായ്‌ലാന്‍ഡിന്റെ പോണ്‍പാവീയെ 21-14, 21-12 എന്ന സ്‌കോറിനു നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സൈന ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ സെറ്റില്‍ 9-9 എന്ന നിലയില്‍ ഒപ്പത്തിനൊപ്പമാണ് ഇരുവരും പോരാടിയത്. എന്നാല്‍ സൈന പിന്നീട് മത്സരത്തില്‍ തന്റെ ആധിപത്യം ഉറപ്പിയ്ക്കുകയായിരുന്നു.

ജപ്പാന്റെ സയീന കവാക്കിയെയാണ് പിവി സിന്ധു രണ്ടാം റൗണ്ടില്‍ മറികടന്നത്. ആദ്യ ഗെയിം 21-16 നു സിന്ധു സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഗെയിമില്‍ ഇരുവരും അവസാനം വരെ ഒപ്പത്തിനൊപ്പം പൊരുതുകയായിരുന്നു. എന്നാല്‍ തന്റെ മികച്ച ഫോം നിലനിര്‍ത്തി സിന്ധു മത്സരം 23-21നു സ്വന്തമാക്കി. 

അന്താരാഷ്ട്ര തലത്തില്‍ സിന്ധുവും സൈനയും ഇതു രണ്ടാം തവണയാണ് നേര്‍ക്കുനേര്‍ വരുന്നത്. 2014ലെ സയ്യിദ് മോജി ഗ്രാന്‍ പ്രീയില്‍ ഇരുവരും ഏറ്റുമുട്ടിയിരുന്നു.അന്ന്‌ നേരിട്ടുള്ള ഗെയിമുകള്‍ക്ക് സൈന വിജയിച്ചിരുന്നു.