ന്യൂഡല്‍ഹി: ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഏറ്റവും വലിയ ബാഡ്മിന്റണ്‍ മത്സരമായ ഇന്ത്യ ഓപ്പണ്‍ മാറ്റിവെച്ചു. രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതിന്റെ സാഹചര്യത്തിലാണ് ടൂര്‍ണമെന്റ് നീട്ടിവെച്ചത്. 

മേയ് 11 മുതല്‍ 16 വരെ കെ.ഡി.ജാദവ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വെച്ചായിരുന്നു മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്. മത്സരം ഇനിയെന്നുനടക്കുമെന്ന കാര്യത്തില്‍ അധികൃതര്‍ തീരുമാനം കൈക്കൊണ്ടിട്ടില്ല. 

ടോക്യോ ഒളിമ്പിക്‌സിന് യോഗ്യത നേടാനുള്ള മത്സരമായിരുന്നു ഇന്ത്യ ഓപ്പണ്‍. ഒളിമ്പിക് ചാമ്പ്യന്‍ കരോളിന മാരിന്‍, മുന്‍ ലോക ചാമ്പ്യന്‍ രത്ചനോക്ക് ഇന്റനോണ്‍, ലോക ഒന്നാം നമ്പര്‍ താരം മൊമോട്ട തുടങ്ങിയവരെല്ലാം ഇന്ത്യ ഓപ്പണില്‍ പങ്കെടുക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. 

ഇന്ത്യന്‍ താരങ്ങളായ സൈന നേവാള്‍, കിഡംബി ശ്രീകാന്ത് തുടങ്ങിയ താരങ്ങള്‍ക്കെല്ലാം ഇന്ത്യ ഓപ്പണ്‍ നീട്ടിവെച്ചതിലൂടെ വലിയ തിരിച്ചടിയാണ് ലഭിച്ചത്. താരങ്ങള്‍ക്ക് ഒളിമ്പിക്‌സിന് യോഗ്യത നേടാന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.

Content Highlights: India Open badminton postponed again due to Covid crisis