അല്‍മിയറെ: ഡച്ച് ഓപ്പണ്‍ ടെന്നീസ് പുരുഷ വിഭാഗം ഫൈനലില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് തോല്‍വി. നിലവിലെ ചാമ്പ്യനായ സെന്നിനെ സിംഗപ്പുര്‍ താരം ലോഹ് കെന്‍ യൂ ആണ് കീഴടക്കിയത്. 

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സെന്നിന്റെ തോല്‍വി. സ്‌കോര്‍: 21-12, 21-16. മത്സരം വെറും 36 മിനിട്ട് മാത്രമാണ് നീണ്ടുനിന്നത്. ഫൈനല്‍ വരെ മികച്ച പ്രകടനം പുറത്തെടുത്ത സെന്നിന് ആ മികവ് ഫൈനലില്‍ പുറത്തെടുക്കാനായില്ല. 

കാനഡയുടെ ഷിയോഡോങ് ഷെങ്, പോര്‍ച്ചുഗലിന്റെ ബെര്‍ണാര്‍ഡോ അറ്റിലാനോ, സിംഗപ്പുരിന്റെ ജിയ ഹെങ് തെഹ്, ബെല്‍ജിയത്തിന്റെ ജൂലിയന്‍ കരാഗി എന്നീ താരങ്ങളെ കീഴടക്കിയാണ് സെന്‍ ഫൈനലില്‍ പ്രവേശിച്ചത്. 

ലോക റാങ്കിങ്ങില്‍ 25-ാം സ്ഥാനത്തുള്ള ലക്ഷ്യ സെന്നിനെ 41-ാം റാങ്കിലുള്ള കീന്‍ യു അട്ടിമറിക്കുകയായിരുന്നു. 20 കാരനായ ലക്ഷ്യ സെന്‍ 2019 ഡച്ച് ഓപ്പണ്‍ ജേതാവായിരുന്നു. 2020-ല്‍ കോവിഡ് മൂലം ചാമ്പ്യന്‍ഷിപ്പ് നടന്നില്ല. 

Content Highlights:Defending champ Lakshya Sen lose to Loh Kean Yew in  Dutch Open 2021