ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി ചരിത്ര സ്വര്‍ണം നേടിയതിനു പിന്നാലെ ഹൃദയത്തില്‍ തൊടുന്ന കുറിപ്പുമായി പി.വി സിന്ധു.

വിജയത്തിനു ശേഷം ദേശീയഗാനം മുഴങ്ങിയപ്പോഴും ഇന്ത്യന്‍ പതാക കണ്ടപ്പോഴും തനിക്ക് കണ്ണീര്‍ നിയന്ത്രിക്കാനായില്ലെന്ന് സിന്ധു പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലാണ് സിന്ധു ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ വിജയത്തിനു ശേഷം തനിക്കുണ്ടായ വികാരം വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ സാധിക്കുന്നതല്ലെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

ഏറെ നാള്‍ കാത്തിരുന്ന ഈ സ്വപ്‌നം തന്റെ മാതാപിതാക്കളുടെയും പരിശീലകരുടെയും പിന്തുണയില്ലാതെ സാധ്യമാകില്ലായിരുന്നുവെന്നും സിന്ധു കുറിച്ചു.

PV Sindhu

ഞായറാഴ്ച നടന്ന ഫൈനലില്‍ ലോക റാങ്കിങ്ങില്‍ തന്നേക്കാള്‍ മുന്നിലുള്ള ജപ്പാന്റെ നൊസോമി ഒക്കുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് (21-7, 21-7) മറികടന്നാണ് സിന്ധു ലോക ബാഡ്മിന്റണ്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയത്.

ലോക നാലാം നമ്പര്‍ താരത്തെ റാങ്കിങ്ങില്‍ അഞ്ചാമതുള്ള സിന്ധു വെറും 38 മിനിറ്റിനുള്ളില്‍ അടിയറവുപറയിച്ചു. സിന്ധുവിന്റെ തുടര്‍ച്ചയായ മൂന്നാം ഫൈനലായിരുന്നു ഇത്. 2017-ല്‍ നൊസോമി ഒക്കുഹാരയോടും 2018-ല്‍ സ്പെയിനിന്റെ കരോളിന മരിനോടും തോല്‍വിയായിരുന്നു ഫലം. 

2013, 14 വര്‍ഷങ്ങളില്‍ സിന്ധു വെങ്കലം നേടിയിരുന്നു. ഇതോടെ ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു മെഡല്‍ നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.

Content Highlights: Could not hold back my tears when I saw the Indian flag and heard national anthem PV Sindhu