ബെയ്ജിങ്: ചൈന ഓപ്പണ്‍ ബാഡ്മിന്റണിണില്‍ നിന്ന് ഇന്ത്യയുടെ പി.വി സിന്ധുവും കിഡംബി ശ്രീകാന്തും പുറത്തായി.

ലോക ആറാം നമ്പര്‍ താരം ചൈനയുടെ ചെന്‍ യുഫെയിയോടാണ് മൂന്നാം സീഡായ സിന്ധു പരാജയമറിഞ്ഞത്. സ്‌കോര്‍: 21-11, 11-21, 15-21. 

ആദ്യ ഗെയിം നഷ്ടമായ ശേഷം അതേ സ്‌കോറില്‍ രണ്ടാം ഗെയിം നേടി സിന്ധു മത്സരത്തിലേക്ക് തിരിച്ചു വന്നിരുന്നു. എന്നാല്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ മൂന്നാം ഗെയിം ചൈനീസ് താരം സ്വന്തമാക്കി. നേരത്തെ ഇരുവരും ആറുതവണ ഏറ്റുമുട്ടിയതില്‍ നാലിലും സിന്ധുവിനായിരുന്നു വിജയം. എന്നാല്‍ 52 മിനിറ്റ് നീണ്ടുനിന്ന മത്സരത്തില്‍ ആ ആധിപത്യം നിലനിര്‍ത്താന്‍ സിന്ധുവിനായില്ല. 

അതേസമയം പുരുഷ വിഭാഗം സിംഗിള്‍സില്‍ മൂന്നാം സീഡ് കെന്റോ മൊമോട്ടയോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് പരാജയപ്പെട്ടാണ് ഏഴാം സീഡായ കിഡംബി ശ്രീകാന്ത് പുറത്തായത്. സ്‌കോര്‍: 9-21 11-21. വെറും 28 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടത്. 

ഇരുവരും നേരത്തെ 11 തവണ ഏറ്റുമുട്ടിയതില്‍ എട്ടിലും മൊമോട്ടയ്ക്കായിരുന്നു വിജയം. മത്സരത്തിലും ആ ആധിപത്യം മൊമോട്ട തുടര്‍ന്നു. ഈ വര്‍ഷം മലേഷ്യന്‍ ഓപ്പണിലും ഇന്‍ഡൊനീഷ്യന്‍ ഓപ്പണിലും ശ്രീകാന്ത് മൊമോട്ടയോട് പരാജയപ്പെട്ടിരുന്നു.

Content Highlights: china open sindhu srikanth lose in quarters