ആര്‍ഹസ്: ഡെന്മാര്‍ക്കില്‍ വെച്ച് നടന്ന യൂബര്‍ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ചൈനയ്ക്ക് കിരീടം. ഫൈനലില്‍ ചിരവൈരികളായ ജപ്പാനെ തകര്‍ത്താണ് ചൈന കിരീടം നേടിയത്. ചൈനയുടെ 15-ാം യൂബര്‍ കപ്പ് കിരീടമാണിത്. 19 തവണ ടീം ഫൈനലിലെത്തി.

3-1 എന്ന സ്‌കോറിനാണ് ചൈന വിജയത്തിലെത്തിയത്. ആദ്യ വനിതാ സിംഗിള്‍സ് മത്സരത്തില്‍ ചൈന തോല്‍വി വഴങ്ങിയെങ്കിലും പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും വിജയം നേടി. 

ആദ്യ മത്സരത്തില്‍ ചൈനയുടെ ചെന്‍ യു ഫെയിയിയെ ജപ്പാന്റെ ലോക പത്താം നമ്പര്‍ താരമായി അകാനെ യമാഗുച്ചി കീഴടക്കി. സ്‌കോര്‍: 21-18, 21-10. എന്നാല്‍ വനിതാ ഡബിള്‍സ് മത്സരത്തില്‍ ചൈനയുടെ ചെന്‍ ക്വിങ്-ജിയാ യി ഫാന്‍ സഖ്യം ജപ്പാന്റെ യുകി ഫുകുഷിമ-മയു മറ്റ്‌സുമോട്ടോ സഖ്യത്തെ കീഴടക്കി. സ്‌കോര്‍: 29-27, 15-21, 21-18

മൂന്നാം മത്സരത്തില്‍ ചൈനയുടെ ലോക പത്താം നമ്പര്‍ താരം ഹി ബിങ് ജിയാവോ ജപ്പാന്റെ സായാക തകാഹാഷിയെ തകര്‍ത്തതോടെ ചൈന കിരീടപ്രതീക്ഷ നിലനിര്‍ത്തി. 21-9, 21-18 എന്ന സ്‌കോറിനായിരുന്നു ജിയാവോയുടെ ജയം.

അവസാന വനിതാ ഡബിള്‍സ് മത്സരത്തില്‍ ചൈനയ്ക്ക് വേണ്ടി ഹുവാങ് ഡോങ് പിങ്-ലി വെന്‍ മെയ് സഖ്യം വിജയം നേടിയതോടെ ചൈന കിരീടം സ്വന്തമാക്കി. ജപ്പാന്റെ മിസാക്കി മറ്റ്‌സുടോമോ-നാമി മറ്റ്‌സുയാമ സഖ്യത്തെ വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ചൈനീസ് സഖ്യം കീഴടക്കിയത്. സ്‌കോര്‍: 24-22, 32-21.

ഇന്ത്യന്‍ വനിതകളും യൂബര്‍ കപ്പില്‍ മത്സരിച്ചെങ്കിലും ക്വാര്‍ട്ടറില്‍ പുറത്താകുകയായിരുന്നു. സൂപ്പര്‍ താരം സൈന നേവാള്‍ പരിക്കേറ്റ് പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 

Content Highlights: China beats Japan 3-1, reclaims Uber Cup title