ബാലി: ഇന്ത്യന്‍ താരം പി.വി. സിന്ധുവിന് ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ വെള്ളി. ഞായറാഴ്ച നടന്ന വനിത വിഭാഗം ഫൈനലില്‍ ദക്ഷിണകൊറിയയുടെ ആന്‍ സേ-യങ്ങിനോട് പരാജയപ്പെട്ടതോടെ സിന്ധുവിന്റെ നേട്ടം വെള്ളിയില്‍ ഒതുങ്ങുകയായിരുന്നു. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ തോല്‍വി. സ്‌കോര്‍: 16-21, 12-21. മത്സരം 40 മിനിറ്റുമാത്രമാണ് നീണ്ടത്.

സീസണിലെ മികച്ച എട്ട് താരങ്ങള്‍ കളിക്കുന്ന ടൂര്‍ഫൈനല്‍സില്‍ സിന്ധുവിന്റെ മൂന്നാം ഫൈനലായിരുന്നു ഇത്. 2018-ല്‍ കിരീടം നേടിയ താരം 2017-ല്‍ റണ്ണറപ്പായി.

ലോക ആറാം നമ്പര്‍ താരമായ ആന്‍ സേ യങ്ങിനോട് കാര്യമായി പൊരുതാന്‍ ഇന്ത്യന്‍ താരത്തിനായില്ല. വിവിധ ടൂര്‍ണമെന്റുകളിലായി കൊറിയന്‍ താരത്തോടുള്ള തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്.

ആന്‍ സേ-യങ്ങിന്റെ തുടര്‍ച്ചയായ മൂന്നാം കിരീടമാണിത്. നേരത്തെ ഇന്‍ഡൊനീഷ്യ ഓപ്പണ്‍ കിരീടവും ഇന്‍ഡൊനീഷ്യ മാസ്റ്റേഴ്സ് കിരീടവും സിന്ധു സ്വന്തമാക്കിയിരുന്നു. ടൂര്‍ഫൈനല്‍സില്‍ കിരീടം നേടുന്ന ആദ്യ ദക്ഷിണ കൊറിയന്‍ വനിത താരമെന്ന നേട്ടവും യങ് സ്വന്തമാക്കി.

Content Highlights: bwf world tour finals pv sindhu lost to korean an se young in the final