ഗ്വാങ്ഷു: തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യന്‍ താരം പി.വി. സിന്ധു ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സില്‍ സെമിസാധ്യത വര്‍ധിപ്പിച്ചു. പുരുഷ വിഭാഗത്തില്‍ ജയത്തോടെ തിരിച്ചുവന്ന സമീര്‍ വര്‍മ പ്രതീക്ഷ നിലനിര്‍ത്തി.

ലോക ഒന്നാം നമ്പര്‍താരം ചൈനീസ് തായ്പേയിയുടെ തായ് സു യിങ്ങിനെയാണ് ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തില്‍ സിന്ധു തോല്‍പ്പിച്ചത് (21-14,16-21, 18-21). സമീര്‍ ഇന്‍ഡൊനീഷ്യയുടെ ടോമി സുഗിയാരറ്റോയെ മറികടന്നു (21-16, 21-7).

ആദ്യകളിയില്‍ ലോക രണ്ടാം നമ്പര്‍താരം ജപ്പാന്റെ അകാനെ യമാഗുച്ചിയെ തോല്‍പ്പിച്ച സിന്ധു രണ്ടാം തുടര്‍ജയത്തോടെ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. ഒരു ഗ്രൂപ്പില്‍ രണ്ടുപേര്‍ സെമിയിലേക്ക് കടക്കുമെന്നതിനാല്‍ ഇന്ത്യന്‍ താരത്തിന് സാധ്യത ഏറക്കുറെ ഉറപ്പാണ്. യു.എസിന്റെ സാങ് ബെയ് വാനാണ് അടുത്ത മത്സരത്തില്‍ സിന്ധുവിന്റെ എതിരാളി.

ആദ്യഗെയിം നഷ്ടപ്പെട്ടശേഷം ശക്തമായി തിരിച്ചടിച്ചാണ് സിന്ധു മത്സരം പിടിച്ചെടുത്തത്. കളി ഒരുമണിക്കൂറും ഒരുമിനിറ്റും നീണ്ടുനിന്നു. അവസാനം കളിച്ച ആറുമത്സരങ്ങളിലും തായ് സുവിനോട് തോറ്റ സിന്ധുവിന് ജയം ഇരട്ടിമധുരമായി.

പുരുഷ വിഭാഗത്തില്‍ ആദ്യ മത്സരത്തില്‍ ജപ്പാന്റെ കെന്റോ മൊമോട്ടയോട് തോറ്റ സമീറിന്റെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. മൂന്നാം സീഡുകാരനായ ടോമിക്ക് അവസരമൊന്നും നല്‍കാതെയാണ് ഇന്ത്യന്‍ താരം ജയിച്ചുകയറിയത്. ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്തുള്ള സമീറിന് അവസാന മത്സരം ജയിച്ചാല്‍ സെമിയിലെത്താം. തായ്ലാന്‍ഡിന്റെ കന്റാപോണ്‍ വാങ്ചറോയെനാണ് എതിരാളി.

Content Highlights: BWF World Tour Finals PV Sindhu beats Tai Tzu Ying