ബാങ്കോക്ക്: ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് ബിയിലെ തന്റെ മൂന്നാം മത്സരത്തില്‍ ആശ്വാസ ജയം സ്വന്തമാക്കി ഇന്ത്യന്‍ താരം പി.വി സിന്ധു.

മൂന്നാം മത്സരത്തില്‍ തായ്‌ലന്‍ഡ് താരം പോണ്‍പാവീ ചോചുവോങിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-18, 21-15.

ജയിച്ചെങ്കിലും ആദ്യ രണ്ടു മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയതിനാല്‍ സിന്ധു സെമി കാണാതെ പുറത്തായി. സിന്ധുവിനോട് തോറ്റെങ്കിലും ആദ്യ രണ്ടു മത്സരങ്ങളിലും ജയം സ്വന്തമാക്കിയ ചോചുവോങ് സെമിയിലേക്ക് മുന്നേറി.

റൗണ്ട് റോബിന്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് ബിയിലെ ആദ്യ മത്സരത്തില്‍ നിലവിലെ ലോക ഒന്നാം നമ്പര്‍ താരം തായ്വാന്റെ തായ് സു യിങ്ങിനോട് സിന്ധു തോറ്റിരുന്നു. മൂന്ന് ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു തോല്‍വി. സ്‌കോര്‍: 21-19, 12-21, 17-21.

പിന്നാലെ രണ്ടാം മത്സരത്തില്‍ തായ്ലന്‍ഡിന്റെ രചനോക് ഇന്റാനോണിനോടും സിന്ധു തോറ്റു. സ്‌കോര്‍: 21-18, 21-13.

Content Highlights: BWF World Tour Finals PV Sindhu beats Pornpawee Chochuwong in final match