ബാലി: ബി.ഡബ്ല്യു.എഫ് വേള്‍ഡ് ടൂര്‍ ഫൈനല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ കിഡംബി ശ്രീകാന്തിന് വിജയം. പുരുഷ സിംഗിള്‍സ് മത്സരത്തില്‍ ശ്രീകാന്ത് ഫ്രാന്‍സിന്റെ ടോമ ജൂനിയര്‍ പോപോവിനെ കീഴടക്കി. 

നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്‌കോര്‍: 21-14, 21-16. മത്സരം 42 മിനിട്ട് മാത്രമാണ് നീണ്ടത്. ഗ്രൂപ്പ് ബിയിലാണ് ശ്രീകാന്ത് മത്സരിക്കുന്നത്. 2014-ല്‍ ശ്രീകാന്ത് വേള്‍ഡ് ടൂര്‍ ഫൈനലിന്റെ നോക്കൗട്ട് ഘട്ടത്തില്‍ പ്രവേശിച്ചിരുന്നു. 

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ശ്രീകാന്ത് മികച്ച പ്രകടനമാണ് ലോക 33-ാം നമ്പര്‍ താരമായ പോപോവിനെതിരേ പുറത്തെടുത്തത്. അടുത്ത മത്സരത്തില്‍ മൂന്നുതവണ ജൂനിയര്‍ ലോകചാമ്പ്യനായ തായ്‌ലന്‍ഡിന്റെ കുന്‍ലാവുട്ട് വിറ്റിഡ്‌സാണാണ് ശ്രീകാന്തിന്റെ എതിരാളി.

വനിതാ ഡബിള്‍സ് മത്സരത്തില്‍ ഇന്ത്യയുടെ അശ്വിനി പൊന്നപ്പ-എന്‍. സിക്കി റെഡ്ഡി സഖ്യം ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെട്ടു. ഗ്രൂപ്പ് ബി യില്‍ ലോകറാങ്കിങ്ങില്‍ രണ്ടാമതുള്ള ജപ്പാന്റെ നാമി മറ്റ്‌സുയാമ-ചിഹാരു ഷിഡ സഖ്യമാണ് ഇന്ത്യന്‍ സഖ്യത്തെ പരാജയപ്പെടുത്തിയത്. സ്‌കോര്‍: 21-14, 21-18.

Content Highlights: BWF World Tour Finals Kidambi Srikanth makes winning start