ഗ്വാങ്ഷൂ: ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധുവും സമീര്‍ വര്‍മയും ബാഡ്മിന്റണ്‍ വേള്‍ഡ് ടൂര്‍ ഫൈനല്‍സിന്റെ സെമിഫൈനലില്‍ കടന്നു. വനിതാ വിഭാഗത്തില്‍ ഗ്രൂപ്പ് എയിലെ മൂന്ന് മത്സരങ്ങളും ജയിച്ചാണ് സിന്ധു സെമിയിലെത്തിയത്. അവസാന ഗ്രൂപ്പ് മത്സരത്തില്‍ യു.എസിന്റെ സാങ് ബെയ്വാനെയാണ് ഇന്ത്യന്‍താരം കീഴടക്കിയത് (21-9, 21-15).

പുരുഷ വിഭാഗത്തില്‍ ആദ്യ കളിയില്‍ തോറ്റ സമീര്‍ തുടര്‍ന്ന് രണ്ട് കളികളിലും ജയിച്ചാണ് അവസാന നാലിലെത്തിയത്. നിര്‍ണായകമത്സരത്തില്‍ തായ്​ലൻഡിന്റെ കെന്റാപോണ്‍ വാങ്ചറോയനെ കീഴടക്കി (21-9, 21-18). സെമിയില്‍ സിന്ധുവിന് തായ്​ലൻഡിന്റെ രചാനോക് ഇന്റാനോണും സമീറിന് ചൈനയുടെ ഷി യുകിയുമാണ് എതിരാളി.

ആദ്യ ഗെയിമില്‍ സാങ് ബെയ്വാനെ നിലംതൊടീക്കാതിരുന്ന സിന്ധു രണ്ടാം ഗെയിമിലും ഫോം നിലനിര്‍ത്തി. ലോക റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തുള്ള തായ് സു യിങ്ങിനെയും രണ്ടാംറാങ്കിലുള്ള ആകാനെ യമാഗുച്ചിയെയും നേരത്തേ സിന്ധു തോല്‍പ്പിച്ചിരുന്നു.

ആദ്യകളിയില്‍ ജപ്പാന്റെ കെന്റോ മോമോട്ടയോട് തോറ്റ സമീര്‍ തുടര്‍ന്ന് ടോമി സുഗിയാരറ്റോയെ കീഴടക്കി. നിര്‍ണായകമത്സരത്തില്‍ ആധികാരിക ജയം നേടിയതോടെ സെമിയിലുമെത്തി.

Content Highlights: BWF Tour Finals 2018 PV Sindhu, Sameer Verma qualify for semi finals