ന്യൂഡല്‍ഹി: ഇന്ത്യയില്‍ വെച്ച് എല്ലാ വര്‍ഷവും നടത്തിവരാറുള്ള സയെദ് മോദി അന്താരാഷ്ട്ര ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ബാഡ്മിന്റണ്‍ ലോക ഫെഡെറേഷന്‍ (ബി.ഡബ്ല്യു.എഫ്) റദ്ദാക്കി. ഇന്ത്യയില്‍ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യം കണക്കിലെടുത്താണ് ബി.ഡബ്ല്യു.എഫ് ടൂര്‍ണമെന്റ് റദ്ദാക്കിയത്. 

കഴിഞ്ഞ വര്‍ഷവും ടൂര്‍ണമെന്റ് ഇതേകാരണത്തെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു. 2009 -ലാണ് സയെദ് മോദി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് ആദ്യമായി നടത്തിയത്. പിന്നീട് 2019 വരെ എല്ലാ വര്‍ഷവും ടൂര്‍ണമെന്റ് നടത്തി. 12 മെഡലുകള്‍ നേടി ഇന്ത്യയാണ് ടൂര്‍ണമെന്റില്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. 

ആദ്യ സീസണില്‍ ഇന്ത്യയുടെ തന്നെ ചേതന്‍ ആനന്ദും സൈന നേവാളുമാണ് കിരീടം നേടിയത്. 2019-ലാണ് അവസാനമായി ടൂര്‍ണമെന്റ് നടന്നത്. അതില്‍ പുരുഷ വിഭാഗത്തില്‍ വാങ് സു വെയിയും വനിതാ വിഭാഗത്തില്‍ സ്‌പെയിനിന്റെ കരോളിന മാരിനും ജേതാക്കളായി. 

2026-ലെ ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പ് ഇന്ത്യയില്‍ വെച്ച് നടത്താന്‍ ബി.ഡബ്ല്യു.എഫ് നേരത്തേ തീരുമാനിച്ചിട്ടുണ്ട്.

Content Highlights: BWF cancels 2021 Syed Modi International tournament