നാന്‍ജിങ്: തുടര്‍ച്ചയായ രണ്ടാം വട്ടം ഇന്ത്യന്‍ താരം പി.വി സിന്ധു ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. സെമിയില്‍ ജപ്പാന്റെ അകാന യെമാഗുചിയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. സ്‌കോര്‍:  21-16, 24-22.

നിലവിലെ റണ്ണറപ്പായ സിന്ധു, നാളെ നടക്കുന്ന ഫൈനലില്‍ സ്പാനിഷ് താരം കരോലിന മാരിനെ നേരിടും. റിയോ ഒളിമ്പിക്‌സ് ഫൈനലിന്റെ ആവര്‍ത്തനമാകും നാളെ നടക്കാന്‍ പോകുന്ന സിന്ധു-മാരിന്‍ ഫൈനല്‍. 2016 റിയോ ഒളിമ്പിക്‌സില്‍ സിന്ധുവിനെ തോല്‍പ്പിച്ചാണ് മാരിന്‍ സ്വര്‍ണ മെഡല്‍ നേടിയത്. 

ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈന നേവാളിനെ തോല്‍പ്പിച്ചത് കരോലിന മാരിനാണ്. സെമിയില്‍ ചൈനയുടെ ഹി ബിങ്ജിയാവോയെ മറികടന്നാണ് മാരിന്റെ ഫൈനല്‍ പ്രവേശനം.

യെമാഗുചിയില്‍ നിന്ന് കടുത്ത മത്സരമാണ് സിന്ധുവിന് നേരിടേണ്ടി വന്നത്. ആദ്യ ഗെയിമില്‍ സിന്ധുവിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ യെമാഗുചിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാം ഗെയിം എത്തിയപ്പോള്‍ ജപ്പാന്‍ താരത്തിന്റെ കളിമാറി. ഒരു ഘട്ടത്തില്‍ നാലു പോയിന്റ് ലീഡിലേക്കെത്താനും അവര്‍ക്കായി. എന്നാല്‍ തിരിച്ചടിച്ച സിന്ധു കടുത്ത മത്സരത്തിനൊടുവില്‍ രണ്ടാം ഗെയിമും സ്വന്തമാക്കുകയായിരുന്നു. 

ക്വാര്‍ട്ടറില്‍ നിലവിലെ ചാമ്പ്യനായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചായിരുന്നു സിന്ധുവിന്റെ സെമിപ്രവേശനം. സ്‌കോര്‍: 21-17, 21-19. സിന്ധുവിന്റെ നാലാം ലോക ബാഡ്മിന്റന്‍ ചാമ്പ്യന്‍ഷിപ്പ് സെമിയായിരുന്നു ഇന്നത്തേത്.

Content Highlights: badminton world championship pv sindhu in finals