ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ കൗമാരതാരം തസ്‌നിം മിര്‍. ചരിത്രത്തിലാദ്യമായി അണ്ടര്‍ 19 വിഭാഗത്തില്‍ ലോക ഒന്നാം നമ്പറാകുന്ന ആദ്യ വനിതാ താരം എന്ന റെക്കോഡ് തസ്‌നിം സ്വന്തമാക്കി. 

അന്താരാഷ്ട്ര ബാഡ്മിന്റണ്‍ സംഘടനയായ ബി.ഡബ്ല്യു.എഫ് പുറത്തുവിട്ട പുതിയ റാങ്കിങ് പ്രകാരമാണ് തസ്‌നിം ഒന്നാമത്തെത്തിയത്. 16 വയസ്സ് മാത്രം പ്രായമുള്ള തസ്‌നിം ഗുജറാത്ത് സ്വദേശിനിയാണ്. കഴിഞ്ഞ വര്‍ഷം മൂന്ന് ലോക ടൂര്‍ണമെന്റുകളില്‍ ജേതാവാകാന്‍ തസ്‌നിമിന് സാധിച്ചു. 

ഈ കിരീടങ്ങളുടെ ബലത്തിലാണ് യുവതാരം ലോക ഒന്നാം നമ്പറായി മാറിയത്. ബള്‍ഗേറിയ, ഫ്രാന്‍സ്, ബെല്‍ജിയം എന്നിവിടങ്ങളില്‍ നടന്ന ടൂര്‍ണമെന്റുകളിലാണ് തസ്‌നിം കിരീടം നേടിയത്. 

രണ്ട് തവണ ഒളിമ്പിക് മെഡല്‍ നേടിയ സാക്ഷാല്‍ പി.വി.സിന്ധുവിന് പോലും ഈ നേട്ടം സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ഇന്‍ഡൊനീഷ്യന്‍ പരിശീലകനായ എഡ്വിന്‍ ഐറിയാവാനിന്റെ കീഴിലാണ് തസ്‌നിം പരിശീലനം നടത്തുന്നത്. 

Content Highlights: Badminton Prodigy Tasnim Mir becomes first Indian to bag World no 1 status in U-19 girls singles