ക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങിയതേയുള്ളൂ ലക്ഷ്യ സെന്‍. ഇരുപതാം വയസ്സില്‍ ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലുമായി ഈ ഉത്തരാഖണ്ഡുകാരന്‍ യാത്രയുടെ തുടക്കം അതിഗംഭീരമാക്കിയിരിക്കുന്നു. ഇന്ത്യയുടെ കരുത്തായി ഇനി താനുണ്ടാകുമെന്ന് പ്രഖ്യാപിക്കുകയാണ് ലക്ഷ്യ.

ബെംഗളൂരുവിലെ പ്രകാശ് പദുക്കോണ്‍ ബാഡ്മിന്റണ്‍ അക്കാദമായില്‍ പരിശീലനം നേടിയ ലക്ഷ്യ, തന്റെ ഗുരുവിന്റെ റെക്കോഡ് വെട്ടിമാറ്റിക്കൊണ്ടാണ് ഈ നേട്ടത്തിലെത്തിയത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി മെഡല്‍ നേടിയ ആദ്യ പുരുഷതാരമാണ് പ്രകാശ് പദുക്കോണ്‍. 1983-ല്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടുമ്പോള്‍ പ്രകാശിന് 28 വയസ്സായിരുന്നു. ലക്ഷ്യയ്ക്ക് ഇപ്പോള്‍ 20 വയസ്സ്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ ഷാവോ ജുന്‍ പെങ്ങിനെ തോല്‍പ്പിച്ചാണ് സെമി ഫൈനലില്‍ എത്തിയത്. സെമിയില്‍ എത്തിയപ്പോള്‍ത്തന്നെ മെഡല്‍ ഉറപ്പായി.

ലക്ഷ്യ സെന്‍

പ്രായം: 20 ജനനം: അല്‍മോറ, ഉത്തരാഖണ്ഡ്

ഉയര്‍ന്ന റാങ്കിങ്: 19 പ്രധാന നേട്ടങ്ങള്‍: യൂത്ത് ഒളിമ്പിക്‌സ്

2018 -സിംഗിള്‍സ് വെള്ളി, ടീം ഇനത്തില്‍ സ്വര്‍ണം,

ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് 2018: സ്വര്‍ണം

ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് 2018: വെങ്കലം

പരിശീലകര്‍: പ്രകാശ് പദുക്കോണ്‍, വിമല്‍ കുമാര്‍, ഡി.കെ. സെന്‍

അച്ഛന്റെ കീഴില്‍ വളരെ ചെറിയ പ്രായത്തിലേ റാക്കറ്റ് കൈയിലെടുത്ത ലക്ഷ്യ 2010-ല്‍ ഒമ്പതാം വയസ്സില്‍ പ്രകാശ് പദുക്കോണ്‍ അക്കാദമിയിലെത്തി. മലയാളി പരിശീലകന്‍ യു. വിമല്‍കുമാറിനുകീഴിലും പരിശീലനം നേടി. 2017-ല്‍ ജൂനിയര്‍ ലോക റാങ്കിങ്ങില്‍ ഒന്നാമനായി. 2018 ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും ലോക ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലവും നേടി. തുടര്‍ന്ന് സീനിയര്‍തലത്തില്‍ മത്സരിക്കാനിറങ്ങി. അവിടെ ആദ്യത്തെ പ്രധാന കിരീടനേട്ടമാണിത്. കഴിഞ്ഞ ഒക്ടോബറില്‍ തോമസ് കപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സെലക്ഷന്‍ കിട്ടാത്തതിനെത്തുടര്‍ന്ന് നിരാശനായ ലക്ഷ്യ, തുടര്‍ന്ന് ദുബായിലെത്തി ലോക ഒന്നാംനമ്പര്‍ താരം വിക്റ്റര്‍ അക്‌സല്‍സനൊപ്പം രണ്ടാഴ്ചയോളം പരിശീലിച്ചു.ബാഡ്മിന്റണ്‍ കുടുംബത്തില്‍നിന്നാണ് ലക്ഷ്യയുടെ വരവ്. അച്ഛന്‍ ഡി.കെ. സെന്‍ ദേശീയതലത്തില്‍ അറിയപ്പെടുന്ന ബാഡ്മിന്റണ്‍ പരിശീലകന്‍. സഹോദരന്‍ ചിരാഗ് സെന്‍ ദേശീയ താരം.

Content Highlights: 20 year old lakshya sen who has already made a mark