കോവ്‌ലൂന്‍: ഹോങ്കോങ് സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യന്‍ താരം പി.വി സിന്ധുവിന്റെ സ്വപ്‌നക്കുതിപ്പിന് ഫൈനലില്‍ അന്ത്യം. ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്‌പെയിയുടെ തായ് സു യിങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍: 21-18,21-18.

കഴിഞ്ഞ ഫൈനലിന്റെ ആവര്‍ത്തനമായിരുന്നു ഇത്തവണയും. അന്നും വിജയം തായ് സു യിങ്ങിനോടൊപ്പമായിരുന്നു. 44 മിനിറ്റു നീണ്ടു നിന്ന മത്സരത്തില്‍ സിന്ധുവിന് ഫോമിനൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ഇരുവരും തമ്മില്‍ പത്ത് തവണ ഇതിനു മുമ്പ് ഏറ്റുമുട്ടിയിട്ടുണ്ട്. അതില്‍ ഏഴു തവണയും വിജയം ചൈനീസ് തായ്‌പെയ് താരത്തിനൊപ്പമായിരുന്നു. 

ഈ സീസണില്‍ നാലാം ഫൈനല്‍ കളിക്കുന്ന സിന്ധുവിന്റെ രണ്ടാം തോല്‍വിയാണിത്. നേരത്തെ ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ജപ്പാന്റെ നസോമി ഒകുഹാരയോട് തോറ്റ സിന്ധു ഇന്ത്യ ഓപ്പണിലും കൊറിയ ഓപ്പണിലും കിരീടം നേടിയിരുന്നു.

Content Highlights:  Hong Kong Open Badminton PV Sindhu