ദോഹ: സ്വന്തം പേരിലുള്ള ദേശീയ റെക്കോഡ് തിരുത്തി ഇന്ത്യയുടെ അന്നു റാണി ലോക അത്​ലറ്റിക് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിച്ചു. ലോക ചാമ്പ്യൻഷിപ്പിൽ ജാവലിൻ ത്രോയിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതയാണ് അന്നു.

യോഗ്യതാ റൗണ്ടിൽ 62.43 മീറ്ററാണ് അന്നു എറിഞ്ഞത്. അഞ്ചാമതായാണ് അന്നുവിന്റെ ഫൈനൽ പ്രവേശനം. എങ്കിലും അന്നു പ്രതീക്ഷ നൽകുന്നുണ്ട്. നാലാം സ്ഥാനത്തുള്ള സ്ലോവാന്യയുടെ മാർട്ടിന റത്തേജ് 62.87 മീറ്ററും മൂന്നാം സ്ഥാനത്തുള്ള ചൈനയുടെ ഷിയിങ് ലി 63.48 മീറ്ററുമാണ് എറിഞ്ഞത്.

ചൊവ്വാഴ്ച രാത്രിയാണ് ഫൈനൽ. ഈ വർഷമാദ്യം പട്യാലയിൽ കുറിച്ച സ്വന്തം റെക്കോഡായ 62.34 മീറ്റർ തന്നെയാണ് അന്നു മറികടന്നത്.

ഉത്തർപ്രദേശിലെ മീററ്റ് സ്വദേശിയായ അന്നു രണ്ടാമത്തെ ഏറിലാണ് ദേശീയ റെക്കോഡ് തിരുത്തിയത്. ആദ്യത്തെ ഉദ്യമത്തിൽ 57.05 മീറ്ററും മൂന്നാമത്തെ ഉദ്യമത്തിൽ 60.50 മീറ്റർ ദൂരവും പിന്നിട്ടു.

Content Highlights: World Athletics Championships, Annu Rani, javelin throw,  national record