12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം പുരുഷന്‍മാരുടെ 4X100 മീറ്റര്‍ റിലേയില്‍ അമേരിക്ക സ്വര്‍ണമണിഞ്ഞു. 2007-ല്‍ ജപ്പാനിലെ ഒസാകയില്‍ വെച്ചായിരുന്നു അവസാന സ്വര്‍ണം. അതിനുശേഷം ജമൈക്കയ്ക്കായിരുന്നു ആധിപത്യം. 2017-ല്‍ ലണ്ടനില്‍ ജമൈക്ക തോറ്റെങ്കിലും ബ്രിട്ടന്‍ മുന്നിലെത്തി. അമേരിക്ക രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

37.10 സെക്കന്‍ഡില്‍ റിലേ പൂര്‍ത്തിയാക്കിയാണ് അമേരിക്കയുടെ സ്വര്‍ണം. ഈയിനത്തിലെ ലോകത്തിലെ മികച്ച മൂന്നാം സമയം കൂടിയാണിത്.

100 മീറ്ററിലെ സ്വര്‍ണജേതാവ് ക്രിസ്റ്റ്യന്‍ കോള്‍മാന്‍, വെള്ളി നേടിയ ജസ്റ്റിന്‍ ഗാറ്റ്ലിന്‍, 200 മീറ്ററില്‍ ഒന്നാമതെത്തിയ നോഹ ലെയ്ല്‍സ്, മൈക്കല്‍ റോഡ്ജേഴ്സ് എന്നിവരടങ്ങിയതായിരുന്നു ടീം. ഈ ഇനത്തില്‍ ബ്രിട്ടന്‍ (37.36 സെക്കന്‍ഡ്) വെള്ളിയും ജപ്പാന്‍ (37.43 സെക്കന്‍ഡ്) വെങ്കലവും നേടി.

വനിതകളുടെ 4X100 മീറ്റര്‍ റിലേയില്‍ ജമൈക്ക സ്വര്‍ണം നേടി. ഷെല്ലി ആന്‍ഫ്രേസര്‍, നതാലിയ വൈറ്റ്, ജോണിയല്ലെ സ്മിത്ത്, ഷെറീക്ക ജാക്സണ്‍ എന്നിവരടങ്ങുന്നതായിരുന്നു ടീം. 41.44 സെക്കന്‍ഡില്‍ ടീം ഓട്ടം പൂര്‍ത്തിയാക്കി. ബ്രിട്ടന്‍ (41.85 സെക്കന്‍ഡ്) വെള്ളിയും അമേരിക്ക (42.10 സെക്കന്‍ഡ്) വെങ്കലവും നേടി.

Content Highlights: World Athletics Championship Relay Gold America