ദോഹ: ലോക അത്ലറ്റിക്‌സ് വേദിയില്‍ സിംഹാസനമുറപ്പിച്ച് വീണ്ടും അമേരിക്ക. എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് അമേരിക്കയുടെ കുതിപ്പ്. കെനിയ, ജമൈക്ക, ചൈന എന്നിവരില്‍നിന്നാണ് അമേരിക്കയ്ക്ക് ചെറുതായെങ്കിലും വെല്ലുവിളിയുയര്‍ന്നത്. 

14 സ്വര്‍ണവും 11 വെള്ളിയും നാല് വെങ്കലവുമടക്കം 29 മെഡലാണ് അമേരിക്ക നേടിയത്. കെനിയ അഞ്ചു സ്വര്‍ണവും രണ്ട് വെള്ളിയും നാല് വെങ്കലവും അക്കൗണ്ടിലെത്തിച്ചു. ജമൈക്ക മൂന്നു സ്വര്‍ണവും അഞ്ചു വെള്ളിയും നാല് വെങ്കലവും നേടി. 

സ്പ്രിന്റ് ഇനങ്ങളിലും, ജമ്പ് ഇനങ്ങളിലും അമേരിക്ക മുന്നേറ്റം തുടര്‍ന്നു. പുരുഷന്‍മാരുടെ സ്പ്രിന്റ് ഇനങ്ങളായ 100 മീറ്ററില്‍ ക്രിസ്റ്റ്യന്‍ കോള്‍മാനും 200 മീറ്ററില്‍ നോഹ ലയ്ലെസും സ്വര്‍ണമെത്തിച്ചു. വനിതകളുടെ 400 മീ. ഹര്‍ഡില്‍സില്‍ ദലീല മുഹമ്മദും മിക്‌സഡ് റിലേ ടീമും പുതിയ റെക്കോഡും സ്ഥാപിച്ചു.

കഴിഞ്ഞ ചാമ്പ്യന്‍ഷിപ്പിനെക്കാള്‍ സ്വര്‍ണം കൂടുതല്‍ നേടാനും അമേരിക്കയ്ക്കായി. ലണ്ടനില്‍ പത്ത് സ്വര്‍ണമായിരുന്നു നേടിയത്. 2015ല്‍ ബെയ്ജിങ്ങില്‍ ആറ് സ്വര്‍ണം മാത്രമായിരുന്നു അമേരിക്കയുടെ സമ്പാദ്യം. അന്ന് കെനിയയ്ക്കും ജമൈക്കയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്നു അമേരിക്ക.

Content Highlights: World Athletics Championship 2019 America 14 Golds