ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വേഗമേറിയ താരത്തെ അല്‍പസമയത്തിനകം അറിയാം. അമേരിക്കന്‍ താരങ്ങളായ ക്രിസ്റ്റ്യന്‍ കോള്‍മാന്‍, ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍, ദക്ഷിണാഫ്രിക്കയുടെ അകാനി സിംബിനെ, ജമൈക്കയുടെ യോഹാന്‍ ബ്ലെയ്ക്, കാനഡയുടെ ആന്ദ്രെ ഡി ഗ്രാസ്സെ, ബ്രിട്ടന്റെ സാര്‍നെല്‍ ഹ്യൂഗെസ്, ഇറ്റലിയുടെ ഫിലിപ്പൊ ടോര്‍ടു എന്നിവരാണ് ഫൈനലില്‍ മാറ്റുരക്കുക. 

സെമിയില്‍ 9.88 സെക്കന്റില്‍ ഓടിയെത്തിയാണ് യുവതാരം ക്രിസ്റ്റിയന്‍ കോള്‍മാന്‍ ഫൈനലിന് യോഗ്യത നേടിയത്. സെമിയില്‍ 10 സെക്കന്റില്‍ താഴെ ഓടിയ ഒരേ ഒരാള്‍ കോള്‍മാന്‍ ആണ്. വെള്ളിയാഴ്ച നടന്ന 100 മീറ്റര്‍ പ്രാഥമിക റൗണ്ടിലെ സമയം (9.98 സെക്കന്റ്) മെച്ചപ്പെടുത്താനും കോള്‍മാന് കഴിഞ്ഞു. ദക്ഷിണാഫ്രിക്കയുടെ അകാനി സിംബിനെയുടേതാണ് (10.01) മികച്ച രണ്ടാമത്തെ സമയം. ബ്രിട്ടന്റെ സാര്‍നെല്‍ ഹ്യൂഗെസ് (10.05) മൂന്നാമതായും യോഗ്യത നേടി. അഞ്ചാമതും ആറാമതുമായി ഫൈനലിലെത്തിയ യൊഹാന്‍ ബ്ലെയ്ക്കിന്റേയും ജസ്റ്റിന്‍ ഗാറ്റ്‌ലിന്റേയും സമയം 10.09 സെക്കന്റ് ആണ്. 

ക്രിസ്റ്റ്യന്‍ കോള്‍മാന്‍, അകാനി സിംബിനെ, യോഹാന്‍ ബ്ലെയ്ക്, ആന്ദ്രെ ഡി ഗ്രാസ്സെ എന്നിവരാണ് മെഡല്‍ സാധ്യതയില്‍ മുന്നിലുള്ളത്. ജസ്റ്റിന്‍ ഗാറ്റ്‌ലിന്‍ നിലവിലെ ജേതാവാണെങ്കിലും യുവതാരം ക്രിസ്റ്റ്യന്‍ കോള്‍മാന് ഇക്കുറി കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നു. 2017 ലണ്ടന്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ 9.92 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഗാറ്റ്‌ലിന്‍ ചാമ്പ്യനായി. ക്രിസ്റ്റ്യന്‍ കോള്‍മാന്‍ (9.94 സെക്കന്‍ഡ്) വെള്ളിനേടി. 100 മീറ്ററില്‍ ലോകറെക്കോഡുകാരനും മൂന്നുതവണ ലോകചാമ്പ്യന്‍ഷിപ്പ് ജേതാവുമായ ഉസൈന്‍ ബോള്‍ട്ടിനെ രണ്ടുപേരും മറികടന്നു. 9.95 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ബോള്‍ട്ട് മൂന്നാംസ്ഥാനത്തായി.

23-കാരനായ ക്രിസ്റ്റ്യന്‍ കോള്‍മാന്‍ ഈ വര്‍ഷം 9.86 സെക്കന്‍ഡ്, 9.85, 9.81 എന്നിങ്ങനെ മൂന്നുതവണ ഫിനിഷ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബ്രസ്സല്‍സ് ഡയമണ്ട് ലീഗില്‍ 9.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തതാണ് കോള്‍മാന്റെ കരിയറിലെ മികച്ച സമയം. 

അതേസമയം പുരുഷവിഭാഗം 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യയുടെ പ്രതീക്ഷ അവസാനിച്ചു. മലാളിയായ എം.പി. ജാബിര്‍ ഫൈനലിന് യോഗ്യത നേടിയില്ല. സെമി ഫൈനലില്‍ 16-ാം സ്ഥാനത്താണ് മലപ്പുറം പന്തല്ലൂര്‍ സ്വദേശിയായ ജാബിര്‍ എത്തിയത്. 49.71 സെക്കന്റിലാണ് മലയാളി താരം ഓടിയെത്തിയത്. ഒന്നാം ഹീറ്റ്സില്‍ 49.62 സെക്കന്റില്‍ ഫിനിഷ് ചെയ്ത ജാബിറിന് ആ പ്രകടനം ആവര്‍ത്തിക്കാനായില്ല. 49.13 സെക്കന്‍ഡാണ് ഈയിനത്തില്‍ ജാബിറിന്റെ മികച്ച സമയം.

Content Highlights: World Athletic Championships Christian Coleman 100 M Event