ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് അണ്ടര്‍-20 ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ 400 മീറ്ററില്‍ സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യയുടെ ഹിമ ദാസ് ചരിത്രം കുറിച്ചത്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ട്രാക്കില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡും ഇതോടെ ഹിമയെ തേടിയെത്തി.

ലോകവേദിയില്‍ തലയുയര്‍ത്തി നിന്നതിനു പിന്നാലെ ഹിമയെ അഭിനന്ദിച്ച് രംഗത്തെത്തിയവര്‍ ചില്ലറക്കാരായിരുന്നില്ല. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രകായിക മന്ത്രി രാജ്യവര്‍ദ്ധന്‍ സിങ് റാത്തോഡ്, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍, അക്ഷയ് കുമാര്‍ ഫര്‍ഹാന്‍ അക്തര്‍ എന്നിങ്ങനെ ആ പട്ടിക നീളുന്നു.

ഹിമ ഇത്തരമൊരു നേട്ടം കരസ്ഥമാക്കുന്നത് ഇത് ആദ്യമായാണ്. സ്വാഭാവികമായും ആളുകള്‍ അവളെക്കുറിച്ച് അറിയാന്‍ ശ്രമിക്കും. അത്തരമൊരാളുടെ വീട്, നാട്, മാതാപിതാക്കള്‍, കുട്ടിക്കാലം എന്നിങ്ങനെ പലതും അറിയാന്‍ ആളുകള്‍ക്ക് താല്‍പ്പര്യമുണ്ടാകും. എന്നാല്‍ ഇതൊന്നുമായിരുന്നില്ല രാജ്യത്തിനായി സ്വര്‍ണം നേടിയ ഹിമയെക്കുറിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞത്, അവളുടെ ജാതിയായിരുന്നു.

what people searched for hima das on google

ഹിമയുടെ ജീവിത കഥയോ നേട്ടങ്ങളോ ഒന്നുമായിരുന്നില്ല ആളുകള്‍ക്ക് അറിയേണ്ടിയിരുന്നത്. അവളേത് ജാതിയാണെന്നായിരുന്നു. കേരളം, കര്‍ണാടകം, ഹരിയാന, അസം, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ഹിമയുടെ ജാതി തിരഞ്ഞ് ആളുകളെത്തിയത്. ഇതോടെ 'Hima Das caste' ഗൂഗിള്‍ സെര്‍ച്ചില്‍ ടോപ് ചാര്‍ട്ടിലെത്തി. ഹിമ ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ വാര്‍ത്ത വൈറലായ അതേ സമയത്തു തന്നെയാണ് ഈ സെര്‍ച്ചുകളും അരങ്ങേറിയത്.

ഹിമ മാത്രമല്ല ഇന്ത്യയില്‍ ഇത്തരം അനുഭവത്തിലൂടെ കടന്നുപോയിട്ടുള്ളത്. 2016-ലെ റിയോ ഒളിമ്പിക്‌സില്‍ വെള്ളിമെഡല്‍ നേടിയ പി.വി സിന്ധുവും വെങ്കലം നേടിയ സാക്ഷി മാലിക്കും ഇതേ അനുഭവം നേരിട്ടിരുന്നു. 

Content Highlights: what people searched for hima das on google