ന്ത്യയുടെ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് വനിതാദിനത്തില്‍ ഇരട്ടി സന്തോഷത്തിലാകും. ഇറ്റലിയില്‍ നടന്ന മാത്തിയോ പെലികോണ്‍ റാങ്കിങ് ഗുസ്തിയില്‍ 53 കിലോഗ്രാം വിഭാഗത്തില്‍ ഞായറാഴ്ച വിനേഷ് കിരീടം നേടി. 

ടൂര്‍ണമെന്റിലെ അഞ്ചു മത്സരങ്ങളിലുമായി മുഴുവന്‍ പോയന്റുകളും സ്വന്തമാക്കി ലോക റാങ്കിങ്ങില്‍ ഒന്നാംസ്ഥാനത്തേക്ക് തിരിച്ചെത്തുകയും ചെയ്തു. 

ഫൈനലില്‍ കാനഡയുടെ ഡയാന വീക്കറെ (4-0) കീഴടക്കിയാണ് വിനേഷ് ജേതാവായത്. മൂന്നാം റാങ്കുകാരിയായാണ് ടൂര്‍ണമെന്റിന് ഇറങ്ങിയത്. മത്സരം കഴിഞ്ഞപ്പോള്‍ ഒന്നാം റാങ്കിലെത്തി. 

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ വിനേഷിന് രണ്ടാം ലോക കിരീടമാണിത്. കഴിഞ്ഞ ആഴ്ച യുക്രൈനിലെ കീവില്‍ നടന്ന ടൂര്‍ണമെന്റിലും ജേതാവായിരുന്നു. 26-കാരിയായ വിനേഷ് ഫോഗട്ട്, ഈവര്‍ഷം ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്‌സിന് യോഗ്യത നേടിയിട്ടുണ്ട്.

Content Highlights: Vinesh Phogat wins gold reclaims number one rank