ലണ്ടന്‍: ലോക അത്‌ലറ്റിക്‌ ചാമ്പ്യന്‍ഷിപ്പിന് വെള്ളിയാഴ്ച ലണ്ടനില്‍ തുടക്കം കുറിക്കുകയാണ്‌. ലോകത്തെ പ്രഗല്‍ഭരായ അത്ലറ്റുകള്‍ മാറ്റുരയ്ക്കുന്ന ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പ് അറിയപ്പെടുക ഇതിഹാസതാരങ്ങളായ ഉസൈന്‍ ബോള്‍ട്ടിന്റെയും മുഹമ്മദ് ഫറ (മോ ഫറ)യുടെയും പേരിലാവും. രണ്ടുപേര്‍ക്കും ഇത് അവസാന ലോക ചാമ്പ്യന്‍ഷിപ്പാണ്. 

ബോള്‍ട്ട് - അത്‌ലറ്റിക്‌സിനെ പുനര്‍നിര്‍വചിച്ച താരം

അത്‌ലറ്റിക്‌ രംഗത്തെ പുനര്‍നിര്‍വചിച്ച അതുല്യനായ പ്രതിഭയാണ് ജമൈക്കക്കാരനായ ഉസൈന്‍ ബോള്‍ട്ട്. അത്ലറ്റിക്സിനെ ബോള്‍ട്ടിന് മുമ്പും ശേഷവും എന്ന് വെവ്വേറെ തിരിക്കേണ്ടിവരും. ഉത്തേജകത്തിന്റെ പിടിയലമര്‍ന്ന് അത്ലറ്റിക് രംഗം പ്രതിസന്ധിയിലാണ്ടപ്പോള്‍ ആ രംഗത്തെ കൈപിടിച്ചുയര്‍ത്തിയത് ബോള്‍ട്ട് ഒറ്റയ്ക്കാണ്. ബോള്‍ട്ടിന്റെ കാലത്തും നിരവധി താരങ്ങള്‍ മരുന്നടിക്ക് പിടിയിലായി ചീത്തപ്പേരുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, നിരവിധ തവണ പരിശോധനകള്‍ക്ക് വിധേയനായിട്ടും 'ക്ലീന്‍' ഇമേജ് അദ്ദേഹം നിലനിര്‍ത്തി. അത്ലറ്റിക്സ് ബോള്‍ട്ട് എന്ന ഒറ്റ മനുഷ്യന്റെ മേല്‍വിലാസത്തിലാണ് ദുര്‍ഘട ഘട്ടങ്ങള്‍ മറികടന്നത്. അതുകൊണ്ടുതന്നെ അത്ലറ്റിക്സ് രംഗം എന്നും ബോള്‍ട്ടിനോട് കടപ്പെട്ടിരിക്കും. 

usain bolt

നാടന്‍ പശ്ചാത്തലത്തില്‍ നിന്നുമുള്ള ഈ അതിവേഗക്കാരന്‍ ബെയ്ജിങ്(2008) ഒളിമ്പിക്സിലാണ് വിശ്വരൂപം കാട്ടിയത്. മൂന്ന് ഒളിമ്പിക്സുകളില്‍ സ്പ്രിന്റ് ഡബ്ള്‍. മൂന്ന് ഒളിമ്പിക്സില്‍ ട്രിപ്പിള്‍ ട്രിപ്പിള്‍ നേടുന്ന ആദ്യതാരമായ അദ്ദേഹത്തിന് നിര്‍ഭാഗ്യംകൊണ്ടാണ് ആ ബഹുമതി കൈവിട്ടുപോയത്. ബെയ്ജിങ്ങില്‍ ബോള്‍ട്ട് ഉള്‍പ്പെട്ട ജമൈക്കന്‍ ടീം 4ഃ100 മീറ്റര്‍ റിലേയില്‍ നേടിയ സ്വര്‍ണം ടീമംഗം നെസ്റ്റ കാര്‍ട്ടര്‍ മരുന്നടിക്ക് പിടിയിലായി നഷ്ടപ്പെട്ടിരുന്നില്ലെങ്കില്‍ ട്രിപ്പിള്‍ ട്രിപ്പിള്‍ ബോള്‍ട്ടിനൊപ്പം നിന്നേനെ. 

മൂന്ന് ലോക റെക്കോഡുകള്‍ ഭേദിച്ചായിരുന്നു ബെയ്ജിങ് ഒളിമ്പിക്സില്‍ ബോള്‍ട്ട് വരവറിയിച്ചത്. 100 മീറ്ററിലും 200 മീറ്ററിലും 4ഃ100 മീറ്റര്‍ റിലേയിലുമായിരുന്നു ഈ റെക്കോഡ് പ്രകടനങ്ങള്‍. കാര്‍ട്ടറിന്റെ പിഴവിന് സ്വര്‍ണം തിരിച്ചുവാങ്ങിയപ്പോള്‍ ബോള്‍ട്ടിന് നഷ്ടമായത് ഒരു സ്വര്‍ണവും ഒരു റെക്കോഡുമാണ്.

ബെയ്ജിങ്ങിലെ നേട്ടം ലണ്ടന്‍(2012), റിയോ ഡി ജനൈറോ(2016) ഒളിന്പിക്സുകളിലും ബോള്‍ട്ട് ആവര്‍ത്തിച്ചു. മൂന്ന് ഒളിമ്പിക്സുകളിലും സ്?പ്രിന്റ് സ്വര്‍ണത്തിന് മറ്റൊരു അവകാശിയുണ്ടായില്ല. സ്?പ്രിന്റ് രാജാവിനെ തോല്പിക്കാന്‍ മറ്റൊരു താരത്തിനും കഴിഞ്ഞില്ല. മൂന്ന് ഒളിമ്പിക്സുകളില്‍ എട്ടു സ്വര്‍ണം! ബോള്‍ട്ടിനെ വെല്ലുന്ന മറ്റൊരു സ്?പ്രിന്റര്‍ ഉണ്ടാവുമോ? ഉണ്ടായേക്കാം. പക്ഷേ, അതിന് കാലമേറെ കാത്തിരിക്കേണ്ടിവരും.

റിയോയോടെ ഒളിമ്പിക്സിനോട് വിടപറഞ്ഞ ബോള്‍ട്ട് ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിനോടും വിടചൊല്ലുകയാണ്. 11 സ്വര്‍ണവും രണ്ടു വെള്ളിയുമാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ ബോള്‍ട്ടിന്റെ സമ്പാദ്യം. മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ ബെര്‍ലിന്‍(2009), മോസ്‌കോ(2013), ബെയ്ജിങ്(2015) ട്രിപ്പിള്‍ (100മീ, 200മീ, 4x100മീ. റിലേ) നേടിയ ബോള്‍ട്ടിന് നാലു ചാമ്പ്യന്‍ഷിപ്പുകളില്‍ മൂന്നുവീതം സ്വര്‍ണം നേടുന്ന ഒരേയൊരു താരമാവാനുള്ള അവസരം നഷ്ടമായത് നിര്‍ഭാഗ്യം കൊണ്ടുമാത്രമാണ്. ദെയ്ഗു (2011) ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ ഫൗള്‍ സ്റ്റാര്‍ട്ടിന് അയോഗ്യനാക്കപ്പെട്ടതിനാലാണ് സ്വര്‍ണം കിട്ടാതെ പോയത്. ബോള്‍ട്ടിന്റെ പേരില്‍ ഇപ്പോഴുള്ള 100 മീറ്ററിലെയും(9.58 സെ.) 200 മീറ്ററിലെയും(19.19 സെ.) ലോക റെക്കോഡുകള്‍പിറന്നത് ബെര്‍ലിന്‍ ചാമ്പ്യന്‍ഷിപ്പിലാണ്.

അവസാന ലോക ചാമ്പ്യന്‍ഷിപ്പില്‍ 100 മീറ്ററില്‍ മാത്രം മത്സരിക്കുന്ന ബോള്‍ട്ടിന് കനത്ത വെല്ലുവിളിയുണ്ട്. കാനഡയില്‍ നിന്നുള്ള 22-കാരന്‍ ആന്ദ്രെ ഡി ഗ്രാസ്സെയാണിത്. ഈ സീസണിലെ ഏറ്റവും മികച്ച സമയവും ഡി ഗ്രാസ്സെയുടെ പേരിലാണ്. പക്ഷേ, ബോള്‍ട്ടിനോട് മത്സരിക്കുമ്പോള്‍ എതിരാളിക്ക് അനുകൂലഫലമുണ്ടാവുമെന്ന് വാതുവെക്കരുത്. മത്സരിക്കുന്നത് ബോള്‍ട്ടാണ്. ഏതുമത്സരത്തെയും സ്വന്തം വരുതിയില്‍ നിര്‍ത്താന്‍ കഴിവുള്ളവന്‍. സ്?പ്രിന്റില്‍ അമേരിക്കയുടെ അപ്രമാദിത്വത്തെ തൂത്തെറിഞ്ഞവന്‍. ബോള്‍ട്ടിനുശേഷം ആര് സ്പിന്റ് രാജാവാകും എന്നതിന് പ്രസക്തിയില്ല. കാരണം ഒരു ദശാബ്ദക്കാലം സ്?പ്രിന്റിനങ്ങളില്‍ ആധിപത്യമുറപ്പിക്കാന്‍ കഴിഞ്ഞ മറ്റൊരു താരമില്ല.

ഫറ -ബ്രിട്ടന്റെ ഗോള്‍ഡന്‍ ഹീറോ 

mo farah

അഞ്ചുവര്‍ഷം മുമ്പ് സ്വന്തം തട്ടകത്തില്‍ 5000 മീറ്ററിലും 10,000 മീറ്ററിലും സ്വര്‍ണം നേടിയാണ് സൊമാലിയന്‍ വംശജനായ മുഹമ്മദ് മുക്തര്‍ ജമാ ഫറ ബ്രിട്ടന്റെ ഹീറോ ആയത്. നാലു വര്‍ഷത്തിനുശേഷം റിയോയിലും പ്രകടനമാവര്‍ത്തിച്ച് ഫറ ചരിത്രത്താളുകളില്‍ ഇടംപിടിച്ചു. ആധുനിക ഒളിമ്പിക്സില്‍ ഫിന്‍ലന്‍ഡുകാരന്‍ ലാസെ വിരെന് ശേഷം രണ്ട് ഒളിമ്പിക്സുകളില്‍ 5000 മീറ്ററിലും 10,000 മീറ്ററിലും സ്വര്‍ണം നിലനിര്‍ത്തുന്ന ആദ്യ താരമാണ് ഫറ. 1972(മ്യൂണിക്), 1976(മോണ്‍ട്രിയല്‍) ഒളിമ്പിക്സുകളിലായിരുന്നു ലാസെ വിരെന്റെ നേട്ടം.

എട്ടാം വയസ്സില്‍ ബ്രിട്ടനിലെത്തിയതാണെങ്കിലും ഫറയെ ബ്രിട്ടീഷുകാര്‍ സര്‍വസമ്മതനായി സ്വീകരിക്കാന്‍ മടിച്ചു. പരിശീലകന്‍ ആല്‍ബര്‍ട്ടോ സാലസറിനെ ചുറ്റിപ്പറ്റിയുയര്‍ന്ന ഉത്തേജക ആരോപണങ്ങള്‍ ഇതിന് കൊഴുപ്പുകൂട്ടുകയും ചെയ്തു. പക്ഷേ, ഒന്നുണ്ട് - ബ്രിട്ടനുവേണ്ടി രണ്ടിലേറെ ഒളിമ്പിക്സ് സ്വര്‍ണം നേടിയിട്ടുള്ള ഒരേയൊരു ബ്രിട്ടീഷ് താരമാണ് 34-കാരനായ ഫറ.

മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണവും ഒരു വെള്ളിയും ഫറ സ്വന്തമാക്കി. കഴിഞ്ഞ രണ്ട് ലോക ചാമ്പ്യന്‍ഷിപ്പുകളിലും ഇരട്ട സ്വര്‍ണം നേടിയ അദ്ദേഹം ഇക്കുറിയും നേട്ടം ആവര്‍ത്തിച്ചാല്‍ മൂന്ന് ലോക ചാമ്പ്യന്‍ഷിപ്പുകളില്‍ 5000, 10,000 മീറ്ററുകളില്‍ ഡബ്ള്‍ തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോഡും സ്വന്തമാക്കും.

ബോള്‍ട്ടിനെപ്പോലെ ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പോടെ ഫറ മത്സര രംഗം വിടുന്നില്ല. തട്ടകം മാറുന്നുവെന്ന് മാത്രം. ലണ്ടനുശേഷം ബര്‍മിങ്ങാം, സൂറിച്ച് മീറ്റുകളില്‍ അദ്ദേഹം മത്സരിക്കും. പിന്നീട് മാരത്തണിലേക്ക് ചേക്കേറും. ഇക്കുറി ലണ്ടനിലും ഫറയ്ക്ക് കാര്യമായ വെല്ലുവിളിയുണ്ടാവില്ല എന്നാണ് വിലയിരുത്തല്‍.